റാഞ്ചിയില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണുണ്ടായ അപകടം: രോഗി അടക്കം ഏഴ് യാത്രക്കാരും മരിച്ചു

മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് വിവരം

റാഞ്ചിയില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണുണ്ടായ അപകടം: രോഗി അടക്കം ഏഴ് യാത്രക്കാരും മരിച്ചു
dot image

റാഞ്ചി: ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ എയർ ആംബുലൻസ് തകർന്ന് വീണുണ്ടായ അപകടത്തിൽ രോഗി അടക്കം മുഴുവൻ യാത്രക്കാരും മരിച്ചു. രോഗി, കൂട്ടിരിപ്പുകാര്‍, ഒരു പാരാമെഡിക്ക്, ഡോക്ടര്‍, പൈലറ്റ്, സഹപൈലറ്റ് എന്നിവരാണ് മരിച്ചത്. ആദ്യം ഒരാള്‍ മരിച്ചെന്നായിരുന്നു വിവരം. പിന്നീട് എല്ലാവരും മരിച്ചതായി ഛത്ര ഡെപ്യൂട്ടി കമ്മിഷണര്‍ കീര്‍ത്തിശ്രീ ജി അറിയിച്ചു. റെഡ്‌ബേർഡ് എയർവേയ്‌സിന്റെ ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്.

പൊള്ളലേറ്റ രോഗിയുമായി റാഞ്ചിയിൽ നിന്നും ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെയാണ് തകർന്ന് വീണത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് വിവരം. ഉൾവനത്തിനുള്ളിൽ തകർന്ന് വീണതിനാൽ ആദ്യഘട്ടത്തിൽ എത്ര പേർ മരിച്ചുവെന്ന് വ്യക്തമായിരുന്നില്ല.

ഡൽഹി ആസ്ഥാനമായുള്ള റെഡ്‌ബേർഡ് എയർവേയ്‌സ് ഓപ്പറേറ്റ് ചെയ്ത ബീച്ച്ക്രാഫ്റ്റ് C90 വിമാനം ബിർസമുണ്ട വിമാനത്താവളത്തിൽ നിന്നും തിങ്കളാഴ്ച രാത്രി 7.11നാണ് പറന്നുയർന്നതെന്ന് ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു. 7.34ന് കൊൽക്കത്തയിലേക്ക് ആശയവിനിമയം നടത്തിയ ശേഷം റഡാറിൽ നിന്നും വിമാനം അപ്രത്യക്ഷമായി. വാരണാസിയിൽ നിന്നും ഏകദേശം 100നോട്ടിക്കൽമൈൽ തെക്ക് - കിഴക്ക് വച്ചാണ് ബന്ധം വിച്ഛേദിക്കപ്പെട്ടത്. പിന്നാലെ സിമാരിയക്ക് സമീപമുള്ള വനത്തിനുള്ളിലേക്ക് വിമാനം തകർന്ന് വീഴുകയായിരുന്നു.

jharkhand Air Ambulance Crash

അക്ഷയ് യാദവ് എന്നയാളുടെ ഉടമസ്ഥതയിലുള്ള റെഡ്‌ബേർഡ് എയർവേയ്‌സ് 2018ലാണ് സ്ഥാപിതമായത്. 2019ലാണ് നോൺ ഷെഡ്യൂൾഡ് ഫ്‌ളൈറ്റുകൾക്കുള്ള അനുമതി ഇവർക്ക് ലഭിച്ചത്. ആറ് വിമാനങ്ങളാണ് ഇവരുടെ പക്കലുള്ളത്. ഒരപകടത്തിൽ പരിക്കേറ്റ് 63ശതമാനം പൊള്ളലേറ്റ് ഐസിയുവിലായിരുന്ന 41കാരനായ രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോകവേയാണ് അപകടം.

Content Highlights: A Redbird Airways air ambulance flying from Ranchi to Delhi crashed on Feb 23, 2026 near Simaria in Chatra district 7 on board dead

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us