

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയുമായുള്ള സഖ്യ സാധ്യത തള്ളി രംഗത്തെത്തിയിരിക്കുകയാണ് ടിവികെ. നടന്‍ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം(ടിവികെ) ബിജെപിയുമായി സഖ്യം ചേര്‍ന്ന് ഡിഎംകെയ്ക്ക് എതിരെ പ്രവര്‍ത്തിക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യ സാധ്യത തള്ളി ടിവികെ രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ വിജയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം നിലപാടില്‍ ഉറച്ച് നിന്നുവെന്നും ടിവികെ പ്രചരണ വിഭാഗം ജനറല്‍ സെക്രട്ടറി അരുണ്‍ രാജ് വ്യക്തമാക്കി.
സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സിബിഐ അന്വേഷണവുമെല്ലാം ഉപയോഗിച്ച് വിജയ്‌യെ പരമാവധി സമ്മര്‍ദത്തിലാക്കാന്‍ ബിജെപി ശ്രമിച്ചു. എന്നാല്‍ വര്‍ഗീയ ശക്തികളുമായി സഖ്യമുണ്ടാക്കില്ല എന്നതാണ് വിജയ്‌യുടെ നിലപാട്. സംസ്ഥാനത്തെയും രാജ്യത്തെയും ഭരണകക്ഷികളെ ഒരുപോലെ എതിരാളികളായി കാണാന്‍ ഒരു ധൈര്യം വേണം. ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായാണ് വിജയ് കാണുന്നതെന്നും അരുണ്‍ രാജ് പ്രതികരിച്ചു.
കഴിഞ്ഞ സെപ്തംബറില്‍ കരൂരില്‍ വിജയ് നടത്തിയ റാലിക്കിടെ 41 പേര്‍ മരിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് സിബിഐ വിജയ്‌യെ ചോദ്യം ചെയതിരുന്നു. ഇതിനെ തുടര്‍ന്നുള്ള സമ്മര്‍ദങ്ങളടക്കം അതിജീവിച്ചാണ് വിജയ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതെന്ന് അരുണ്‍ രാജ് പറഞ്ഞു.
ഡിഎംകെ സഖ്യചര്‍ച്ചകള്‍ നേരത്തെ നടത്തിയത് ടിവികെയ്ക്ക് ലഭിക്കുന്ന ജനപിന്തുണയെ ഭയന്നാണെന്നും അരുണ്‍ രാജ് പരിഹസിച്ചു. തോല്‍ക്കാന്‍ പോകുന്ന പാര്‍ട്ടികളുമായാണ് ഡിഎംകെ സഖ്യം ചേരുന്നതെന്നും അരുണ്‍ രാജ് പറഞ്ഞു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന ത്രികോണ മത്സരത്തില്‍ ആര് വാഴും ആര് വിഴുമെന്ന ചോദ്യം അവശേഷിക്കുകയാണ്.
Content Highlight;'No alliance with communal power, great pressure on Vijaya'; TVK rejects possibility of alliance with BJP