'ഞങ്ങൾ രാഹുൽ ഗാന്ധിയുടെ പടയാളികൾ, രാജ്യത്തെ യുവാക്കൾക്കായി ഇനിയും ശബ്ദമുയർത്തും': യൂത്ത് കോൺഗ്രസ് അധ്യക്ഷൻ

ബിജെപി ഏതറ്റം വരെ പോയാലും ഭരണഘടനയെ സംരക്ഷിക്കാനായി യൂത്ത് കോണ്‍ഗ്രസ് ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു

'ഞങ്ങൾ രാഹുൽ ഗാന്ധിയുടെ പടയാളികൾ, രാജ്യത്തെ യുവാക്കൾക്കായി ഇനിയും ശബ്ദമുയർത്തും': യൂത്ത് കോൺഗ്രസ് അധ്യക്ഷൻ
dot image

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന എഐ ഉച്ചകോടിയില്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബ് രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ പടയാളികളാണെന്നും അവര്‍ ഒരിക്കലും ഭയന്ന് പിന്മാറില്ലെന്നും ഉദയ് ഭാനു പറഞ്ഞു. ബിജെപി ഏതറ്റം വരെ പോയാലും ഭരണഘടനയെ സംരക്ഷിക്കാനും രാജ്യത്തെ യുവാക്കള്‍ക്കും വേണ്ടി യൂത്ത് കോണ്‍ഗ്രസ് ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'യൂത്ത് കോണ്‍ഗ്രസുകാര്‍ രാഹുല്‍ ഗാന്ധിയുടെ പടയാളികളാണ്. അവരെ ഭയപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. രാഹുല്‍ ഗാന്ധിക്കെതിരെ ഒരു എഫ്ഐആര്‍ പോലും ഇല്ലാതിരുന്നിട്ടും ഇ ഡി കേസ് വര്‍ഷങ്ങളോളം നീണ്ടു. ചോദ്യംചെയ്യലിനായി അദ്ദേഹത്തെ നിരവധി തവണ വിളിപ്പിച്ചു. ബിജെപിയ്ക്ക് ഏതറ്റം വരെയും പോകാം. പക്ഷെ ഞങ്ങള്‍ ഭരണഘടനയ്ക്കായി പോരാടുന്ന പടയാളികളാണ്. രാഹുല്‍ ഗാന്ധിയുടെ പടയാളികള്‍. ഞങ്ങള്‍ ഒരിക്കലും പിന്മാറില്ല. രാജ്യത്തെ യുവാക്കള്‍ക്കായി ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കും': ഉദയ് ഭാനു ചിബ് പറഞ്ഞു.

എഐ സാങ്കേതിക വിദ്യയിലെ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് പ്രമുഖ കമ്പനികളുടെ സിഇഒമാര്‍ സംസാരിക്കുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ അവിടേയ്ക്ക് ഇരച്ചെത്തി പ്രതിഷേധിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര കരാറിലൂടെ രാജ്യത്തിന് അര്‍ഹമായ ഗുണങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വ്യാപാര കരാറിനെതിരെ മുദ്രാവാക്യം വിളികളോടെ എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധരിച്ചിരുന്ന ഷര്‍ട്ടുകള്‍ ഊരിമാറ്റിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

ഉച്ചകോടി നടക്കുന്ന സ്ഥലത്തെ എക്‌സിബിഷന്‍ ഹാളിലേക്ക് അതിക്രമിച്ച് കയറിയ പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യം വിളിച്ചു. മോദിയുടെയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും ചിത്രങ്ങളും 'ഇന്ത്യ-യുഎസ് വ്യാപാര കരാര്‍', എപ്സ്റ്റീന്‍ ഫയല്‍സ് എന്നീ പേരുകള്‍ പതിച്ച വെളള ടീ ഷര്‍ട്ടുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉച്ചത്തിലായതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലമായി പ്രതിഷേധക്കാരെ നീക്കം ചെയ്യുകയായിരുന്നു. ഇവരെ തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Content Highlights: 'We are Rahul Gandhi's soldiers, we will raise voice for the our youths in country': uday bhanu chib

dot image
To advertise here,contact us
dot image