ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ എഐ ഉച്ചകോടിയില്‍ ഷര്‍ട്ടൂരി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

വ്യാപാര കരാറിനെതിരെ മുദ്രാവാക്യം വിളികളോടെ എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധരിച്ചിരുന്ന ഷര്‍ട്ടുകള്‍ ഊരിമാറ്റിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ എഐ ഉച്ചകോടിയില്‍ ഷര്‍ട്ടൂരി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
dot image

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യയുടെ എഐ ഉച്ചകോടിയില്‍ ഷര്‍ട്ടൂരി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. എഐ സാങ്കേതിക വിദ്യയിലെ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് പ്രമുഖ കമ്പനികളുടെ സിഇഒമാര്‍ സംസാരിക്കുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധമുയര്‍ന്നത്. ഇന്ത്യ-യുഎസ് വ്യാപാര കരാറിലൂടെ രാജ്യത്തിന് അര്‍ഹമായ ഗുണങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വ്യാപാര കരാറിനെതിരെ മുദ്രാവാക്യം വിളികളോടെ എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധരിച്ചിരുന്ന ഷര്‍ട്ടുകള്‍ ഊരിമാറ്റിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

ഉച്ചകോടി നടക്കുന്ന സ്ഥലത്തെ എക്‌സിബിഷന്‍ ഹാളിലേക്ക് അതിക്രമിച്ച് കയറിയ പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യം വിളിച്ചു. മോദിയുടെയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും ചിത്രങ്ങളും 'ഇന്ത്യ-യുഎസ് വ്യാപാര കരാര്‍', എപ്സ്റ്റീന്‍ ഫയല്‍സ് എന്നീ പേരുകള്‍ പതിച്ച വെളള ടീ ഷര്‍ട്ടുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉച്ചത്തിലായതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലമായി പ്രതിഷേധക്കാരെ നീക്കം ചെയ്യുകയായിരുന്നു. ഇവരെ തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കൃഷ്ണ ഹരി, ബിഹാര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കുന്ദന്‍ യാദവ്, യുപി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അജയ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്റര്‍ നരസിംഹ യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴിയുളള ക്യൂആര്‍ കോഡ് ഉപയോഗിച്ചാണ് സന്ദര്‍ശകര്‍ക്ക് ഉച്ചകോടി നടക്കുന്നിടത്തേക്ക് പ്രവേശിക്കാനാവുക. സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസ് രാജ്യത്തെ നാണംകെടുത്താന്‍ ഏതറ്റംവരെയും പോകുന്നുവെന്നും ഇന്ത്യയുടെ ആഗോള പ്രതിച്ഛായ തകര്‍ക്കാനുളള ശ്രമമാണെന്നും കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു.

Content Highlights: Youth Congress protests against India-US trade deal by stripping off shirts at AI summit

dot image
To advertise here,contact us
dot image