

ലക്‌നൗ: യുപിയിലെ ബറേലിയിലുള്ള ഇസത്ത്‌നഗറിൽ പണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 33കാരനെ ഭാര്യ കൊലപ്പെടുത്തി. ഒമ്പത് വർഷത്തെ പ്രണയത്തിനൊടുവിൽ രണ്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇക്കഴിഞ്ഞ ജനുവരി 26നാണ് ജിതേന്ദ്ര എന്ന യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം ശ്വാസംമുട്ടിയാണെന്ന് വ്യക്തമായതോടെയാണ് സംഭവത്തിൽ വഴിത്തിരിവായത്.
വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ തന്നെ ദമ്പതികൾക്കിടയിൽ പണത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ ഉടലെടുത്തിരുന്നു. ജിതേന്ദ്ര, ഭാര്യ ജ്യോതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 20,000 രൂപയെടുത്ത് ഓൺലൈൻ ചൂതാട്ടത്തിൽ നഷ്ടപ്പെടുത്തിയതാണ് കൊലയിലേക്ക് നയിച്ചത്. സംഭവ ദിവസം ജ്യോതിയും ജിതേന്ദ്രയും തമ്മിലുള്ള വഴക്ക് രൂക്ഷമായി. പിന്നാലെ യുവതി മാതാപിതാക്കളെയും സഹോദരനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ജ്യോതിയുടെ പിതാവ് കാളീചരൺ, അമ്മ ചമേലി, സഹോദരൻ ദീപക്ക് എന്നിവർ ചേർന്ന് ജിതേന്ദ്രയെ പിടിച്ചുവയ്ക്കുകയും യുവതി ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊല്ലുകയുമായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.
ജിതേന്ദ്ര മരിച്ചെന്ന് ഉറപ്പായതിന് പിന്നാലെ ജനലിൽ ജിതേന്ദ്രയെ കെട്ടിത്തൂക്കി ആത്മഹത്യയെന്ന് വരുത്തിതീർക്കാനായിരുന്നു പ്രതികളുടെ ശ്രമം. ഇതിനായി അയൽവാസികളെ വിശ്വസിപ്പിക്കാൻ ജ്യോതിയും കുടുംബവും ബഹളം വച്ച് നാടകം കളിക്കുകയും ചെയ്തു. ജിതേന്ദ്രയുടെ സഹോദരൻ അജയ് കുമാർ പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. തുടർന്ന് ചോദ്യം ചെയ്യലിൽ ജ്യോതി കുറ്റം സമ്മതിച്ചു. ജ്യോതിയെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരൻ ദീപക്ക് ഒളിവിലാണ്.
Content Highlights: A woman named Jyoti allegedly murdered her husband Jitendra Kumar Yadav in Bareilly, Uttar Pradesh