

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നുഴഞ്ഞു കയറ്റ ശ്രമത്തിനിടെ ഭീകരനെ വധിച്ച് ബിഎസ്എഫ്. പാകിസ്താന്‍ നുഴഞ്ഞുകയറ്റക്കാരനാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സാംബ ജില്ലയിലെ ഇന്തോ-പാക് അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംഭവം. സംശയാസ്പദമായ നീക്കങ്ങള്‍ കണ്ട ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ഇടപെടലിലാണ് ഭീകരനെ വധിക്കാന്‍ സാധിച്ചത്.
കത്വയില്‍ നാല് പാക് ഡ്രോണുകള്‍ കണ്ടെത്തിയിട്ടുണ്ട്. സൈന്യം വെടിയുതിര്‍ത്തതോടെ ഡ്രോണുകള്‍ പിന്‍വാങ്ങി. ഡോഡയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നും വിവരമുണ്ട്. ഭീകരര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും കനത്ത ജാഗ്രത തുടരുകയാണ്.
അതേസമയം രാജ്യം ഇന്ന് 77ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. റിപ്പബ്ലിക് ദിന പരേഡ് ഇന്ന് കര്‍ത്തവ്യപഥില്‍ നടക്കും. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്നതായിരിക്കും പരേഡ്. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വൊന്‍ ദെര്‍ ലെയന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ് എന്നിവരാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥികള്‍.
രാവിലെ 9.30ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും യുദ്ധസ്മാരകത്തിലെത്തുന്നതോടെ പരിപാടികള്‍ ആരംഭിക്കും. പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും. 10.30ന് പരേഡിന് തുടക്കമാകും. കേരളത്തിന്റേതടക്കം 30 ടാബ്ലോകള്‍ പരേഡില്‍ പ്രദര്‍ശിപ്പിക്കും. വാട്ടര്‍ മെട്രോയും ഡിജിറ്റല്‍ സാക്ഷരതയുമാണ് ഇത്തവണത്തെ കേരളത്തിന്റെ ടാബ്ലോ.
സംസ്ഥാനത്തിന്റെ റിപ്പബ്ലിക് ദിനാഘോഷം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന പരേഡില്‍ വിവിധ സേനാവിഭാഗങ്ങള്‍, എന്‍സിസി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയവര്‍ അണിനിരക്കും. സംസ്ഥാനത്ത് ആദ്യമായി നാഷണല്‍ സര്‍വീസ് കേഡറ്റുകള്‍ (എന്‍എസ്എസ്) പരേഡില്‍ പങ്കെടുക്കും. വിവിധ സര്‍വകലാശാലകളിലായി 40 വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.
Content Highlights: BSF killed pak inturder at jammu kashmir