ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ വാക്കുതർക്കം; അധ്യാപകനെ കുത്തിക്കൊന്ന് യുവാവ്; സാഹസികമായി പിടികൂടി പൊലീസ്

32കാരനായ അധ്യാപകനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്

ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ വാക്കുതർക്കം; അധ്യാപകനെ കുത്തിക്കൊന്ന് യുവാവ്; സാഹസികമായി പിടികൂടി പൊലീസ്
dot image

മുംബൈ: ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് അധ്യാപകനെ കുത്തിക്കൊന്ന് യുവാവ്. മുംബൈയിലാണ് സംഭവം. 32കാരനായ കോളേജ് ലക്ചറർ അലോക് കുമാർ സിങാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് മലാദ് സ്റ്റേഷനിൽവെച്ചായിരുന്നു സംഭവം. ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അലോക് കുമാറും സഹയാത്രികനായ ഓംകാർ ഷിൻഡെയും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഓംകാർ അലോകിനെ കുത്തുകയുമായിരുന്നു. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിന്നീട് പിടികൂടി.

ആളുകൾ നോക്കി നിൽക്കെയായിരുന്നു അലോകിനെ ഓംകാർ കുത്തിയത്. തൊട്ടുപിന്നാലെ ഓംകാർ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന പൊലീസും മറ്റ് യാത്രക്കാരും ചേർന്ന് അലോകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പൊലീസ് അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. 200 ഓളം സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. റെയിൽവേയുടെ ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റവും ഉപയോഗിച്ചു.

അന്വേഷണത്തിൽ ഷിൻഡെ പതിവായി മലാദിൽ നിന്ന് ചാർണി റോഡിലേക്ക് ട്രെയിനിൽ യാത്ര ചെയ്തിരുന്നതായി കണ്ടെത്തി. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രദേശത്ത് പരിശോധന കർശനമാക്കി. പ്രതി റെയിൽവേ സ്റ്റേഷൻ പരിസരം വിട്ടുപോകാൻ സാധ്യതയില്ലെന്ന് പൊലീസ് വിലയിരുത്തി. ഒടുവിൽ മലാദിലെ ഒരു ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപത്തുനിന്ന് പ്രതിയെ പൊലീസ് പിടികൂടുകയുമായിരുന്നു.

ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെ ദേഷ്യത്തിൽ അലോകിൻ്റെ വയറ്റിൽ കുത്തിയെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പരിക്ക് മാരകമാകുമെന്ന് കരുതിയിരുന്നില്ലെന്നും യാത്രക്കാർ തന്നെ തല്ലുമെന്ന് ഭയന്നാണ് ഓടി രക്ഷപ്പെട്ടതെന്നും പ്രതി പറഞ്ഞു. രത്നഗിരി സ്വദേശിയായ ഷിൻഡെ ഗ്രാന്റ് റോഡ് പ്രദേശത്തെ താംബെ ഗലിയിൽ ഒരു ജ്വല്ലറി ഷോപ്പിലാണ് ജോലി ചെയ്യുന്നത്.

Content Highlights: Police arrested the accused who killed a teacher in Mumbai following an argument while getting down from a train.

dot image
To advertise here,contact us
dot image