

ജയ്പൂര്‍: ജയിലില്‍ വെച്ച് പ്രണയത്തിലായ യുവതിക്കും യുവാവിനും കല്യാണം കഴിക്കാന്‍ പരോള്‍. ജയ്പൂരിലാണ് സംഭവം. 15 ദിവസത്തേക്കാണ് കോടതി പരോള്‍ അനുവദിച്ചത്. മുന്‍ കാമുകിയുടെ ഭര്‍ത്താവും മക്കളുമടക്കം അഞ്ചുപേരെ കൊലപ്പെടുത്തിയ ഹനുമാന്‍ പ്രസാദും ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ദുഷ്യന്ത് ശര്‍മ്മ എന്ന യുവാവിനെ കൊലപ്പെടുത്തിയ പ്രിയ സേത്തിനുമാണ് രാജസ്ഥാന്‍ ഹൈക്കോടതി പരോള്‍ അനുവദിച്ചത്.
ജയിലില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതും, അത് പ്രണയത്തിലേക്ക് വഴിമാറിയതും.
ഡേറ്റിംഗ് ആപ്പില്‍ പരിചയപ്പെട്ട ദുഷ്യന്ത് ശര്‍മ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മോഡല്‍ കൂടിയായ പ്രിയയ്ക്ക് ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചിച്ചിരിക്കുന്നത്. തുടര്‍ന്ന് സംഗനേര്‍ തുറന്ന ജയിലിലെത്തി ശിക്ഷ അനുഭവിക്കുകയാണ്. 2018-ലാണ് പ്രിയ പിടിയിലായത്. ഡേറ്റിംഗ് ആപ്പായ ടിന്‍ഡറിലൂടെ പരിചയപ്പെട്ട ദുഷ്യന്ത് ശര്‍മ്മയെ പ്രിയ ബജാജ് നഗറിലെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
യുവാവ് ഫ്‌ളാറ്റിലെത്തുമ്പോള്‍ പ്രിയയുടെ കാമുകന്‍ ദിക്ഷാന്ത് കാമ്രയും മറ്റൊരു സുഹൃത്തുമുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ ദുഷ്യന്ത് ശര്‍മ്മയെ ബന്ദിയാക്കി പിതാവില്‍ നിന്ന് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.
ദുഷ്യന്തിന്റെ പിതാവ് ആദ്യം മൂന്ന് ലക്ഷം രൂപ അയച്ചു. എന്നാല്‍ യുവാവിനെ വിട്ടയച്ചാല്‍ പൊലീസ് പിടിയിലായേക്കാമെന്ന ഭയത്താൽ ദുഷ്യന്തിനെ കൊലപ്പെടുത്തി മൃതദേഹം ഒരു സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ ഫ്‌ളാറ്റ് വൃത്തിയാക്കുകയും ചെയ്തു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മെയ് മൂന്നിന് രാത്രി മൃതദേഹം കണ്ടെടുത്തു. ഒടുവില്‍ മൂന്നുപേരെയും പൊലീസ് പിടികൂടുകയായിരുന്നു.
മുന്‍ കാമുകിയുടെ ഭര്‍ത്താവടക്കം അഞ്ചുപേരെ കൊന്ന കേസിലാണ് ഹനുമാന്‍ പ്രസാദ് ജയിലിലുള്ളത്. ഇയാളെക്കാള്‍ 10 വയസ് കൂടുതലുള്ള ആല്‍വാറിലെ തായ്കൊണ്ടോ താരമായിരുന്നു ഹനുമാന്‍ പ്രസാദിന്റെ കാമുകി.
2017 ഒക്ടോബര്‍ രണ്ടിന് രാത്രി, ഭര്‍ത്താവിനെയും കുട്ടികളെയും കൊല്ലാന്‍ യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. പ്രസാദ് ഒരു കൂട്ടാളിയുമായി അവിടെയെത്തുകയും മൃഗങ്ങളെ കൊല്ലാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കാമുകിയുടെ ഭര്‍ത്താവ് ബന്‍വാരി ലാലിനെ കൊലപ്പെടുത്തുകയുമായിരുന്നു. ബഹളം കേട്ട് ഉണര്‍ന്ന കാമുകിയുടെ മൂന്ന് കുട്ടികളേയും അവരോടൊപ്പം താമസിച്ചിരുന്ന അനന്തരവനെയും ഇവര്‍ കൊലപ്പെടുത്തി.
പാലി ജില്ലയിലെ ഫാല്‍നയില്‍ നിന്നുള്ള പ്രിയ സേത്തിന്റെ പിതാവ് ഒരു സര്‍ക്കാര്‍ കോളേജില്‍ ലക്ചററും, അമ്മ സ്‌കൂള്‍ അധ്യാപികയും, മുത്തച്ഛന്‍ മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലുമായിരുന്നു. പഠനത്തില്‍ മിടുക്കിയായ പ്രിയ 2011ലാണ് ഉന്നത പഠനത്തിനായി ജയ്പൂരിലേക്ക് പോയത്.
1972-ലെ ഓപ്പൺ എയർ ക്യാമ്പ് റൂൾ പ്രകാരം തടവുകാർക്ക് പകൽ സമയത്ത് പുറത്തിറങ്ങി ജോലി ചെയ്യാനും വൈകുന്നേരങ്ങളിൽ തുറന്ന ജയിലിലേക്ക് മടങ്ങാനും അനുവാദമുണ്ട്. ആറ് ഉദ്യോഗസ്ഥരുടെ ഒരു കമ്മിറ്റിയാണ് സാധാരണ ജയിലുകളിൽ നിന്ന് തുറന്ന ജയിലിലേക്ക് മാറ്റേണ്ട തടവുകാരെ തീരുമാനിക്കുന്നത്.തുറന്ന ജയിലിലായിരുന്നു ഹനുമാന്‍പ്രസാദും പ്രിയയും ഉണ്ടായിരുന്നത്. ഇവിടെ നിന്നാണ് ഇരുവരും പ്രണയത്തിലേക്ക് കടന്നത്. പരോൾ അനുവദിച്ചതോടെ ഇരുവരുടെയും വിവാഹം ആല്‍വാറിലെ ബറോഡമേവില്‍ നടക്കുമെന്നാണ് വിവരം.
Content Highlights:jail love couple granted parole to get married in rajastan