പിണങ്ങിപ്പോയ ഭാര്യ തിരികെവരാൻ വിസമ്മതിച്ചു; ആരും സഹായിച്ചില്ല, അയൽവാസികളുടെ വാഹനങ്ങൾക്ക് തീയിട്ട് ഭർത്താവ്

വൈദ്യനാഥന്‍ എല്ലാവരും ഉറങ്ങിയ ശേഷം അയൽവാസികളായ മൂന്നുപേരുടെ ഇരുചക്രവാഹനങ്ങള്‍ക്കും മറ്റൊരാളുടെ കാറിനും തീയിടുകയായിരുന്നു

പിണങ്ങിപ്പോയ ഭാര്യ തിരികെവരാൻ വിസമ്മതിച്ചു; ആരും സഹായിച്ചില്ല, അയൽവാസികളുടെ വാഹനങ്ങൾക്ക് തീയിട്ട് ഭർത്താവ്
dot image

ഈറോഡ്: പിണങ്ങിപ്പോയ ഭാര്യ തിരികെവരാന്‍ വിസമ്മതിച്ചതില്‍ ക്ഷുഭിതനായ യുവാവ് അയല്‍വീട്ടിലെ വാഹനങ്ങള്‍ക്ക് തീയിട്ടു. തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം. കേസില്‍ കടലൂര്‍ ജില്ലയിലെ കുറിഞ്ചിപാടിയില്‍ താമസിക്കുന്ന വൈദ്യനാഥനെ (32) പെരുന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. വൈദ്യനാഥനും ഭാര്യ ഗായത്രിയും (30) തമ്മില്‍ കുടുംബപ്രശ്നമുണ്ടായിരുന്നു. ഇതുകാരണം കുറച്ചുനാളായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്.

ഗായത്രി മടത്തുപാളയത്തിലുള്ള സഹോദരിയുടെ വീട്ടിലേക്ക് താമസം മാറി. കഴിഞ്ഞ ദിവസം വൈദ്യനാഥന്‍ ഗായത്രിയെ കൂട്ടിക്കൊണ്ടുപോകാനെത്തി. എന്നാല്‍, ഗായത്രി ഒപ്പം പോകാന്‍ തയാറായില്ല. ഇതോടെ വൈദ്യനാഥന്‍ തൊട്ടടുത്ത് താമസിക്കുന്നവരുടെ സഹായം തേടി. പക്ഷെ ആരും സഹായിച്ചില്ല.

ഇതോടെ പകയായി. തുടര്‍ന്ന് വൈദ്യനാഥന്‍ എല്ലാവരും ഉറങ്ങിയ ശേഷം അയൽവാസികളായ മൂന്നുപേരുടെ ഇരുചക്രവാഹനങ്ങള്‍ക്കും മറ്റൊരാളുടെ കാറിനും തീയിടുകയായിരുന്നു. തീയും പുകയും ഉയര്‍ന്നതോടെ വീട്ടുകാര്‍ ഉണർന്നു. ഉടന്‍ അഗ്നിശമനസേനയെ വിവരമറിയിക്കുകയും അവരെത്തി തീയണക്കുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പെരുന്തുറൈ പൊലീസ് അന്വേഷണം നടത്തി. വൈദ്യനാഥന്‍ പിടിയിലായി. ഇയാള്‍ പൊലീസിനോട് കുറ്റംസമ്മതിച്ചിട്ടുണ്ട്.

Content Highlights: man sets neighbor's vehicles on fire after wife refuses to return

dot image
To advertise here,contact us
dot image