

നോയിഡ: നിര്‍മാണ സൈറ്റിലെ വെള്ള കുഴിയില്‍ വീണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മരിച്ച സംഭവത്തില്‍ ബില്‍ഡർ അറസ്റ്റിൽ. വിഷ്ടൗണ്‍ പ്ലാനേഴ്‌സ് എന്ന കമ്പനിയുടെ ഉടമകളില്‍ ഒരാളായ അഭയ് കുമാറിനെ അറസ്റ്റ് ചെയ്തതായി നോയ്ഡ പൊലീസ് അറിയിച്ചു. കമ്പനിയുടെ മറ്റൊരു ഉടമയായ മനീഷ് കുമാറിനായി പൊലീസ് അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് നിര്‍മാണത്തിനായി കുഴിച്ച ആഴമേറിയ വെള്ളക്കുഴിയില്‍ വീണ് യുവരാജ് മെഹ്ത(27) എന്ന യുവാവ് മരിച്ചത്. കനത്ത മൂടല്‍മഞ്ഞ് കാരണം കാഴ്ച്ച മറഞ്ഞതോടെ യുവരാജ് ഓടിച്ചിരുന്ന കാര്‍ റോഡരികിലെ മതിലില്‍ ഇടിക്കുകയും പിന്നാലെ ആഴമേറിയ വെള്ളക്കുഴിയിലേക്ക് മറിയുകയുമായിരുന്നു. ഏകദേശം 70 അടിയോളം താഴ്ച്ചയുള്ള കുഴിയിലേക്കാണ് കാര്‍ മറിഞ്ഞത്. അത്രയും ആഴത്തില്‍, വെള്ളം നിറഞ്ഞ കുഴി നിര്‍മാണ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടായിരുന്നില്ല. ബാരിക്കേഡുകളോ റിഫ്‌ളക്ടറുകളോ സ്ഥാപിക്കാതിരുന്നത് ബില്‍ഡര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ വലിയ വീഴ്ച്ചയാണെന്ന് പൊലീസ് വ്യക്തമാക്കി.
അപകടത്തില്‍ യുവരാജ് മരിച്ചതിന് പിന്നാലെ നോയിഡ അതോറിറ്റി സിഇഒ എം ലോകേഷിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. കൂടാതെ തന്റെ മകന്‍റെ അവസ്ഥ മറ്റാര്‍ക്കും വരാതിരിക്കണമെന്ന് വ്യക്തമാക്കി യുവരാജിന്റെ പിതാവ് പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തില്‍ എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിശദമായ അന്വേണം നടത്തി അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം വെള്ളത്തിനടിയില്‍ ശ്വാസംമുട്ടിയതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് യുവരാജിന്റെ മരണത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. ഗുരുഗ്രാം ആസ്ഥാനമായുള്ള ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവരാജ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തനം നടന്നത് വളരെ വൈകിയായിരുന്നെന്നും വേഗത്തില്‍ നടപടികളുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ അയാള്‍ രക്ഷപ്പെടുമായിരുന്നെന്നും ഒരു ദൃക്‌സാക്ഷി വ്യക്തമാക്കി.
Content Highlight; Noida builder arrested after techie Yuvraj Mehta drowns in water-filled pit