വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവം; ഇൻഡിഗോയ്ക്ക് 22.2 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ

യാത്രക്കാര്‍ക്കുണ്ടായ വലിയ ബുദ്ധിമുട്ടുകള്‍ക്ക് കാരണമായത് വിമാനക്കമ്പനിയുടെ പ്രവര്‍ത്തനത്തിലെ വീഴ്ച്ചകളാണെന്ന് കണ്ടെത്തൽ

വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവം; ഇൻഡിഗോയ്ക്ക് 22.2 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ
dot image

ന്യൂഡല്‍ഹി: വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കപ്പെട്ട സംഭവത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിക്ക് 22.2 കോടി രൂപ പിഴ ചുമത്തി വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍(ഡിജിസിഎ). കഴിഞ്ഞ ഡിസംബറിലായിരുന്നു ഇന്‍ഡിഗോ 2,507 വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. സംഭവത്തില്‍ ഡിജിസിഎ നിയോഗിച്ച നാലംഗ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

സോഫ്റ്റുവെയറിലെ പ്രശ്‌നങ്ങള്‍, മാനേജ്മമെന്റ് തലത്തിലെ വീഴ്ച്ചകള്‍, തയ്യാറെടുപ്പിലെ പോരായ്മകള്‍ എന്നിവയാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. യാത്രക്കാര്‍ക്കുണ്ടായ വലിയ ബുദ്ധിമുട്ടുകള്‍ക്ക് കാരണമായത് വിമാനക്കമ്പനിയുടെ പ്രവര്‍ത്തനത്തിലെ വീഴ്ച്ചകള്‍ വിലയിരുത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ഡിജിസിഎ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെയുള്ള കാലയളവില്‍ സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയിരുന്നു. പിന്നാലെ നാലംഗ സമിതി അന്വേഷണം നടത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരു മാസത്തിന് ശേഷമാണ് പിഴ ചുമത്തിയത്. ഇന്‍ഡിഗോയുടെ 2,507 വിമാനങ്ങള്‍ റദ്ദാക്കുകയും 1,852 സര്‍വീസുകള്‍ വൈകുകയും ചെയ്തു. ഇത് മൂലം വിവിധ വിമാനത്താവളങ്ങളിലായി മൂന്ന് ലക്ഷത്തിലധികം യാത്രക്കാരാണ് ദുരിതത്തിലായതെന്ന് ഡിജിസിഎ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു അന്വേഷണം.

അതേസമയം, മോശം കാലാവസ്ഥ, ജീവനക്കാരുടെ അവധി, സാങ്കേതിക പ്രശ്‌നങ്ങള്‍ തുടങ്ങിയ കാരണങ്ങളാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമായതെന്നായിരുന്നു ഇന്‍ഡിഗോയുടെ മറുപടി. പൈലറ്റുമാര്‍ക്ക് കൂടുതല്‍ വിശ്രമം ഉറപ്പാക്കുന്ന ചട്ടം 2025 നവംബര്‍ ഒന്ന് മുതല്‍ നടപ്പാക്കിയിരുന്നു. ഇതോടെ ഷെഡ്യൂളുകള്‍ തടസ്സം കൂടാതെ നടത്താന്‍ വേണ്ടത്ര പൈലറ്റുമാരില്ല. പിന്നാലെ രോഗാവസ്ഥയിലുള്ള പൈലറ്റുമാരോട് പോലും തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരികയായിരുന്നു.

Content Highlight; DGCA Fines IndiGo ₹22.2 Crore Over Flight Cancellations, Finds Crew Were Overstretched

dot image
To advertise here,contact us
dot image