'ഇസ്‌ലാം സ്വീകരിച്ചത് എന്തിനാണ്, ഇപ്പോൾ 'ഘർവാപസി' ചെയ്യുക, വീണ്ടും ജോലി ലഭിച്ചേക്കാം'; എ ആർ റഹ്മാനെതിരെ VHP

'എ ആർ റഹ്മാൻ ഒരിക്കൽ ഒരു ഹിന്ദുവായിരുന്നു. എന്തിനാണ് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചത്? ഇപ്പോൾ 'ഘർവാപസി' ചെയ്യുക'

'ഇസ്‌ലാം സ്വീകരിച്ചത് എന്തിനാണ്, ഇപ്പോൾ 'ഘർവാപസി' ചെയ്യുക, വീണ്ടും ജോലി ലഭിച്ചേക്കാം'; എ ആർ റഹ്മാനെതിരെ VHP
dot image

ന്യൂഡൽഹി: കഴിഞ്ഞ എട്ട് വർഷമായി ബോളിവുഡിൽ ജോലി നഷ്ടപ്പെട്ടുവെന്നും അതിന് പിന്നിൽ വർ​ഗീയ വികാരവും ഉണ്ടാകാം എന്ന ഓസ്കാർ ജേതാവായ സംഗീതസംവിധായകൻ എ ആർ റഹ്മാന്റെ പരാമർശത്തിനെതിരെ വിഎച്ച്പി രം​ഗത്ത്. 'ഘർ വാപസി' ചെയ്യാനും ഇസ്ലാമിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മടങ്ങാനും എ ആ‍ർ റഹ്മാനോട് നിർ‌ദ്ദേശിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ദേശീയ വക്താവ് വിനോദ് ബൻസാൽ. രൂക്ഷ വിമർശനമാണ് വിഎച്ച്പി വ്യക്താവ് എ ആർ റഹ്മാനെതിരെ വിനോദ് ബൻസാൽ നടത്തിയിരിക്കുന്നത്.

എ ആർ റഹ്മാൻ ഒരിക്കൽ ഹിന്ദുവായിരുന്നു. എന്തിനാണ് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചത്? ഇപ്പോൾ 'ഘർവാപസി' ചെയ്യുക. ഒരുപക്ഷേ നിങ്ങൾക്ക് വീണ്ടും ജോലി ലഭിക്കാൻ തുടങ്ങിയേക്കാം എന്നായിരുന്നു വിനോദ് ബൻസാലിൻ്റെ പ്രതികരണം. ഇന്ത്യയെയും ഇവിടുത്തെ വ്യവസ്ഥയെയും കുറിച്ച് മോശം വാക്കുകൾ പറയുന്ന ഒരു പ്രത്യേക വിഭാഗവുമായി എ ആർ റഹ്മാൻ സഖ്യത്തിലാണെന്നും വിനോദ് ബൻസാൽ ആരോപിച്ചു.

ഒരുകാലത്ത് എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളും അദ്ദേഹത്തെ ആരാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ എന്തുകൊണ്ടാണ് തനിക്ക് ജോലി ലഭിക്കാത്തതെന്ന് ആത്മപരിശോധന നടത്തുന്നതിന് പകരം വ്യവസ്ഥയെക്കുറിച്ച് മോശമായി സംസാരിക്കുകയും മുഴുവൻ വ്യവസായത്തെയും അപകീർത്തിപ്പെടുത്തുകയും ചെയ്യുകയാണ്. ഇത്തരം നിസ്സാര പ്രസ്താവനകൾ ഒരു രാഷ്ട്രീയക്കാരന് നടത്താം. അത് ഒരു കലാകാരന് യോജിച്ചതല്ലെന്നും വിഎച്ച്പി വക്താവ് കൂട്ടിച്ചേർത്തു.

'കഴിഞ്ഞ എട്ട് വർഷമായി അധികാരഘടനയിൽ മാറ്റമുണ്ടായിട്ടുണ്ട്. അധികാരശ്രേണിയിലെ മാറ്റം വളരെ പ്രകടമാണ്. ‘ക്രിയേറ്റിവ്’ അല്ലാത്ത ആളുകൾ ആണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത്. അതിൽ വർഗീയ വികാരവും ഉണ്ടെന്നാണ് പറഞ്ഞുകേൾക്കുന്ന'തെന്നായിരുന്നു റഹ്മാൻ്റെ പ്രതികരണം. ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ത്യയിലെ രാഷ്ട്രീയമാറ്റങ്ങൾ സംഗീതത്തെയും ബാധിക്കുന്നതായി എ ആർ‌ റഹ്മാൻ പറഞ്ഞത്. കഴിഞ്ഞ എട്ട് വർഷമായി ബോളിവുഡിൽ അവസരങ്ങൾ നഷ്ടമാകുന്നുണ്ടെന്ന് വെളിപ്പെടുത്തിയ റഹ്മാൻ ഭിന്നിപ്പുണ്ടാക്കാൻ ആളുകൾ സിനിമയെ ഉപയോ​ഗിക്കുന്നുവെന്നും കുറ്റപ്പെടുത്തിയിരുന്നു. അത്തരം സിനിമകളിലേക്ക് വിളിച്ചാൽ പരമാവധി ഒഴിവാക്കാൻ ശ്രമിക്കാറുണ്ടെന്നും എ ആർ റഹ്മാൻ വ്യക്തമാക്കിയിരുന്നു.

താൻ വർഷങ്ങളായി ബോളിവുഡിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴും ഒരു പുറംനാട്ടുകാരനെപ്പോലെയാണ് തോന്നുന്നതെന്നും റഹ്മാൻ പറഞ്ഞിരുന്നു. 'വർഗീയ കാരണങ്ങളാൽ' തനിക്ക് ചില പ്രോജക്ടുകൾ നഷ്ടപ്പെടുന്നുണ്ടെന്നും റഹ്മാൻ ആരോപിച്ചിരുന്നു. ബോളിവുഡിൽ ഹിറ്റായ ഛാവയ്ക്കെതിരെയും റഹ്മാൻ രം​ഗത്തെത്തിയിരുന്നു. ആളുകളെ ഭിന്നിപ്പിക്കുന്ന ചിത്രമെന്നാണ് എആർ റഹ്മാൻ ഛാവയെക്കുറിച്ച് പറഞ്ഞത്. എആർ റഹ്മാൻ ആയിരുന്നു ഛാവയുടെ സംഗീതം ഒരുക്കിയത്.

Content Highlights:Vishva Hindu Parishad (VHP) spokesperson Vinod Bansal slammed AR Rahman after his remarks on losing Bollywood work possibly due to "communal things," urging him to do 'ghar wapsi'

dot image
To advertise here,contact us
dot image