പഠനം ഇനി കൂടുതൽ എളുപ്പമാകും; പുതിയ 34 സർവകലാശാല ബിരുദങ്ങൾക്ക് അം​ഗീകാരം നൽകി യുഎഇ

പുതിയ സംവിധാനത്തിന്റെ ഭാഗമായി അംഗീകൃത സര്‍വകലാശാലകളുടെ വിവരങ്ങള്‍ മന്ത്രാലയത്തിന്റെ ഡാറ്റാ ബേസുമായി നേരിട്ട് ബന്ധിപ്പിച്ചു

പഠനം ഇനി കൂടുതൽ എളുപ്പമാകും; പുതിയ 34 സർവകലാശാല ബിരുദങ്ങൾക്ക് അം​ഗീകാരം നൽകി യുഎഇ
dot image

യുഎഇയിലെ 34 അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദങ്ങള്‍ക്ക് ഉടന്‍ അംഗീകാരം നല്‍കുന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് ഉന്നതവിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം. ജോലിക്കും ഉന്നത പഠനത്തിനും ഇനി വിദ്യാര്‍ത്ഥികള്‍ രേഖകള്‍ ഹാജരാക്കേണ്ടതില്ലെന്ന് മന്ത്രാലയം അറിയിച്ചു.

ബിരുദധാരികള്‍ക്ക് ജോലി തേടുന്നതിനും ഉന്നത പഠനത്തിലേക്ക് കടക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ബിരുദങ്ങള്‍ക്ക് ഉടന്‍ അംഗീകാരം നല്‍കുന്ന പദ്ധതിക്ക് ഉന്നതവിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം തുടക്കം കുറിച്ചത്. യുഎഇ നടപ്പാക്കുന്ന 'സീറോ ബ്യൂറോക്രസി' പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ സംവിധാനം. പുതിയ പദ്ധതി പ്രകാരം ബിരുദ പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റിനായി കാത്തുനില്‍ക്കാതെ തന്നെ ജോലിക്ക് അപേക്ഷിക്കാനും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനും സാധിക്കും. ഉന്നത പഠനം ആഗ്രഹിക്കുന്നവര്‍ക്കും ഇത് സഹായകമാണ്.

പുതിയ സംവിധാനത്തിന്റെ ഭാഗമായി അംഗീകൃത സര്‍വകലാശാലകളുടെ വിവരങ്ങള്‍ മന്ത്രാലയത്തിന്റെ ഡാറ്റാ ബേസുമായി നേരിട്ട് ബന്ധിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റിലെ മുഴുവന്‍ വിശദാംശങ്ങള്‍ ഇവിടെ നിന്ന് ലഭിക്കും. അതുകൊണ്ട് തന്നെ വിദ്യാര്‍ഥികള്‍ക്ക് ഇനി പ്രത്യേകം രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന് ഉന്നതവിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം വ്യക്തമാക്കി.

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള നടപടികളും നിമിഷങ്ങള്‍ക്കകം പൂര്‍ത്തിയാക്കാനാകും. ഇതോടെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ നിയമന നടപടികളും ഉയര്‍ന്ന പഠനത്തിനുള്ള അപേക്ഷകളും കൂടുതല്‍ സുഗമമാകുമെന്നാണ് മന്ത്രാലയം വിലയിരുത്തുന്നത്. തങ്ങള്‍ ബിരുദം പൂര്‍ത്തിയാക്കിയ സര്‍വകലാശാല 34 അംഗീകൃത സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും മന്ത്രാലയത്തിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: The United Arab Emirates has approved recognition for 34 new university degrees, easing access to higher education. The decision is expected to benefit students by expanding academic options and simplifying degree validation. Authorities say the move supports education reform and strengthens the country’s higher education framework.

dot image
To advertise here,contact us
dot image