ആസ്റ്റണ്‍ വില്ലയുടെ വിജയക്കുതിപ്പിന് വിരാമം; തകർപ്പന്‍ വിജയത്തോടെ ലീഡുയർത്തി ആഴ്‌സണല്‍

എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു.

ആസ്റ്റണ്‍ വില്ലയുടെ വിജയക്കുതിപ്പിന് വിരാമം; തകർപ്പന്‍ വിജയത്തോടെ ലീഡുയർത്തി ആഴ്‌സണല്‍
dot image

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് തകര്‍പ്പന്‍ വിജയം. ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സ് വിജയം സ്വന്തമാക്കിയത്. ആസ്റ്റണ്‍ വില്ലയുടെ 11 മത്സരങ്ങള്‍ നീണ്ട വിജയക്കുതിപ്പിനാണ് ഗണ്ണേഴ്‌സ് അവസാനം കുറിച്ചത്. വിജയത്തോടെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിന് ലീഡുയര്‍ത്താനും സാധിച്ചു.

എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ നാല് മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് ഗോളുകളടിച്ച് ആഴ്‌സണല്‍ വില്ലയെ ഞെട്ടിച്ചു. 48-ാം മിനിറ്റില്‍ ഗബ്രിയേല്‍ മഗല്‍ഹേസും 52-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ സുബിമെന്‍ഡിയും വില്ലയുടെ വലകുലുക്കി. 69-ാം മിനിറ്റില്‍ ലിയാന്‍ഡ്രോ ട്രൊസാര്‍ഡിലൂടെ ഗണ്ണേഴ്‌സ് ലീഡുയര്‍ത്തി.

കളത്തിലിറങ്ങി ഒരു മിനിറ്റിനുള്ളില്‍ ഗോളടിച്ച് ഗബ്രിയേല്‍ ജീസസ് തന്റെ തിരിച്ചുവരവ് അറിയിച്ചു. 78-ാം മിനിറ്റിലാണ് ജീസസ് ആഴ്‌സണലിന്റെ നാലാം ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ ഒല്ലി വാട്കിന്‍സ് വില്ലയ്ക്ക് വേണ്ടി വലകുലുക്കിയെങ്കിലും അത് ആശ്വാസഗോള്‍ മാത്രമായി മാറി. ഇതോടെ വില്ലയുടെ വിജയക്കുതിപ്പിന് എമിറേറ്റ്‌സില്‍ അവസാനമായി.

വിജയത്തോടെ ലീഡുയര്‍ത്താന്‍ ആഴ്‌സണലിന് സാധിച്ചു. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചാക്കി ആഴ്‌സണല്‍ ഉയര്‍ത്തി. 19 മത്സരങ്ങളില്‍ 14 വിജയവും 45 പോയിന്റുമായി ആഴ്‌സണല്‍ ഒന്നാമതും 18 മത്സരങ്ങളില്‍ 40 പോയിന്റുള്ള സിറ്റി രണ്ടാമതുമാണ്. 19 മത്സരങ്ങളില്‍ 39 പോയിന്റുമായി ആസ്റ്റണ്‍ വില്ല മൂന്നാം സ്ഥാനത്താണ്.

Content Highlights: Premier League 2025-26: Arsenal Thrash Aston Villa's Epic Streak

dot image
To advertise here,contact us
dot image