

മുംബൈ: ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സഖ്യമുറപ്പിച്ച് കോണ്‍ഗ്രസും ദളിത് നേതാവ് പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുളള വഞ്ചിത് ബഹുജന്‍ അഘാഡി (വിബിഎ)യും. സഖ്യ ധാരണ പ്രകാരം കോര്‍പ്പറേഷനിലെ 227 സീറ്റുകളില്‍ 165 സീറ്റുകളില്‍ കോണ്‍ഗ്രസും 62 സീറ്റുകളില്‍ വിബിഎയും മത്സരിക്കും. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹര്‍ഷ് വര്‍ധന്‍ സപ്കലിന്റെയും വിബിഎ സംസ്ഥാന അധ്യക്ഷന്‍ ഡോ. ധൈര്യവര്‍ധന്‍ പണ്ഡ്കറിന്റെയും സാന്നിദ്ധ്യത്തിലാണ് ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യത്തിന് ധാരണയായത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തിന്റെ പുതിയ അധ്യായമാണ് കോണ്‍ഗ്രസ്-വിബിഎ സഖ്യമെന്ന് ഹര്‍ഷ് വര്‍ധന്‍ സപ്കല്‍ പറഞ്ഞു.
ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായി വിബിഎയും കോണ്‍ഗ്രസും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെന്നും ബാക്കി 28 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും പ്രാദേശിക തലത്തില്‍ തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'കോണ്‍ഗ്രസും വഞ്ചിത് ബഹുജന്‍ അഘാഡിയും തമ്മിലുളള സഖ്യം വളരെ സാധാരണമായി സംഭവിച്ച ഒന്നാണ്. ഇരു പാര്‍ട്ടികളും ഒരേ പ്രത്യയശാസ്ത്ര അടിത്തറ പങ്കിടുന്നവയാണ്. ഭരണഘടനാ മൂല്യങ്ങളും ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ പ്രതിജ്ഞാബദ്ധരുമാണ് ഞങ്ങള്‍. സമത്വം, സാഹോദര്യം, സാമൂഹ്യനീതി എന്നിവയെക്കുറിച്ചുളള നിലപാടും സമാനമാണ്. ഭരണഘടനാ തത്വങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ കോണ്‍ഗ്രസും വിബിഎയും തയ്യാറല്ല. നേരത്തെ 1998-ലും 1999-ലും ഞങ്ങള്‍ സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ട്. 25 വര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങള്‍ വീണ്ടും ഒന്നിച്ചിരിക്കുകയാണ്. ഈ പ്രക്രിയയ്ക്കായി കുറച്ച് സമയമെടുത്തെങ്കിലും ഇന്ന് പുതിയ ഒരു അധ്യായം ആരംഭിച്ചിരിക്കുകയാണ്. ഇത് ആശയങ്ങളുടെ കൂടിച്ചേരലാണ്': ഹര്‍ഷ് വര്‍ധന്‍ സപ്കല്‍ പറഞ്ഞു.
ബിജെപിയുടെ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതും വിനാശകരവുമായ രാഷ്ട്രീയം അവസാനിപ്പിക്കാനാണ് കോണ്‍ഗ്രസും വിബിഎയും സഖ്യം ചേര്‍ന്നതെന്നാണ് പണ്ഡ്കര്‍ പറഞ്ഞത്. 'ഹര്‍ഷ് വര്‍ധന്‍ സപ്കലാണ് സഖ്യത്തിനായുളള ആദ്യ ചുവടുവയ്പ്പ് നടത്തിയത്. തുടക്കംമുതല്‍ തന്നെ ക്രിയാത്മകമായ സമീപനമായിരുന്നു കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്': പണ്ഡ്കര്‍ പറഞ്ഞു.
Content Highlights: Brihanmumbai Municipal Corporation elections; Congress joins hands with Vanchit Bahujan Aghadi