

ഗ്ലോബ് സോക്കർ അവാർഡുകൾ ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉസ്‌മാൻ ഡെംബെലെയും. ലോക കായികരംഗത്ത് മികച്ച പ്രകടനം കാഴ്‌ചവെക്കുന്നവരെ ആദരിക്കുന്ന പുരസ്‌കാരമാണ് ഗ്ലോബ് സോക്കർ. ദുബായ് സ്പോർട്‌സ് കൗൺസിൽ നടത്തിവരുന്ന 'ഗ്ലോബ് സോക്കർ 2025' പുരസ്‌കാരത്തിനാണ് ഇരുവരും അർഹരായത്. ദുബായിൽ നടന്ന ചടങ്ങിൽ ഫുട്‌ബോൾ താരങ്ങൾ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
മികച്ച മിഡിൽ ഈസ്റ്റേൺ ഫുട്ബോൾ താരത്തിനുള്ള അവാർഡാണ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത്. നിലവിൽ സൗദി ക്ലബ്ബ് അൽ നസറിൽ കളിക്കുന്ന റൊണാൾഡോ മികച്ച പ്രകടനമാണ് തന്റെ 40-ാം വയസിലും കാഴ്ചവെക്കുന്നത്. തൻ്റെ ക്ലബ്ബിനായി കളിച്ച 125 മത്സരങ്ങളിൽ നിന്ന് റൊണാൾഡോ 112 ഗോളുകൾ നേടി. റൊണാൾഡോ തൻ്റെ പ്രൊഫഷണൽ കരിയറിൽ കളിക്കുന്ന അഞ്ചാമത്തെ ക്ലബ്ബാണ് അൽ നാസർ.
മികച്ച പുരുഷ കളിക്കാരനുള്ള അവാർഡാണ് ലീഗ് വണ്‍ ക്ലബ്ബായ പിഎസ്ജിയുടെ ഫ്രഞ്ച് മുന്നേറ്റനിരക്കാരന്‍ ഡെംബെലെയ്ക്ക് ലഭിച്ചത്. റയലിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ, സ്‌പെയിനിന്റെ പുതിയ താരോദയം ലാമിന്‍ യമാല്‍, റാഫിഞ്ഞ തുടങ്ങിയവരെ പിന്തള്ളിയാണ് ഡെംബലെ ഈ പുരസ്‌കാരം സ്വന്തമാക്കിയത്.
ചടങ്ങില്‍ പിഎസ്ജി കൂടുതല്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. മികച്ച പുരുഷ ക്ലബ്ബെന്ന പുരസ്കാരം സ്വന്തമാക്കിയത് പിഎസ്ജിയാണ്. ക്ലബ്ബിനെ ആദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലെത്തിച്ചതിനും 2024, 25 ലിഗ് വണ്‍ കിരീടം നേടിച്ചതിനുമുള്ള അംഗീകാരമായി പരിശീലകന്‍ ലൂയിസ് എന്റിക്വെ മികച്ച പരിശീലകനുള്ള പുരസ്‌കാരം ലഭിച്ചു. പിഎസ്ജിയുടെ വിറ്റിഞ്ഞ മികച്ച മിഡ്ഫീല്‍ഡര്‍ ആയി.
മികച്ച സ്‌പോര്‍ട്ടിങ് കംബാക്കിനുള്ള പുരസ്‌കാരം ഫ്രഞ്ച് താരം പോള്‍ പോഗ്ബയ്ക്ക് ലഭിച്ചു. ഗ്ലോബ് സ്‌പോര്‍ട്‌സ് അവാര്‍ഡ് സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചും നേടി. 2025 ഗ്ലോബ് സോക്കര്‍ അവാര്‍ഡ്‌സ് ജേതാക്കളുടെ പൂര്‍ണ പട്ടിക അറിയാം.
Content Highlights: Cristiano Ronaldo was named Best Middle East Player 2025 at the Globe Soccer Awards