

കുവൈത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പിനെ ധീരമായി നേരിട്ട പ്രവാസിക്ക് അഭിനന്ദനവുമായി ആഭ്യന്തര മന്ത്രാലയം. പൊലീസ് വേഷത്തില്‍ വീഡിയോ കോളില്‍ എത്തിയായിരുന്നു തട്ടിപ്പിന് ശ്രമം. ഫിലിപ്പിനോ സ്വദേശിയായ പ്രവാസിയുടെ തിരിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ആശയക്കുഴപ്പത്തിലായതോടെ തട്ടിപ്പുകാരന്‍ വീഡിയോ ഓഫ് ആക്കി മുങ്ങി. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും തരംഗമാണ്.
രാജ്യത്ത് ഓണ്‍ലൈന്‍ വഴിയുളള തട്ടിപ്പുകള്‍ വ്യാപകമാകുന്നതിനിടെയാണ് കുവൈത്തിലെ ഒരു പ്രവാസിയെ തേടി സംശയാസ്പദമായ ഒരു വാട്‌സ് ആപ്പ് വീഡിയോ കോള്‍ എത്തുന്നത്. പൊലീസ് യൂണിഫോം ധരിച്ചെത്തിയ വ്യക്തി, താനൊരു ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തി. പിന്നാലെ നിയമ നടപടികള്‍ ഒഴിവാക്കുന്നതിനായി പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. തന്റെ പേരില്‍ കേസ് ഒന്നും ഇല്ലെന്ന് പറഞ്ഞെങ്കിലും അയാള്‍ അത് അംഗീകരിക്കാതെ വീണ്ടു പണം ആവശ്യപ്പെട്ടു. ഇതില്‍ സംശയം തോന്നിയ പ്രവാസി പരിഭ്രമിക്കാതെ സംഭാഷണം തുടര്‍ന്നു.
തട്ടിപ്പുകാരന്റെ നീക്കങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തുന്ന രീതിയില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. അധികാരഭാവത്തോടെ സംസാരിച്ചിരുന്ന തട്ടിപ്പുകാരന്‍ ഫിലിപ്പിനോ സ്വദേശിയായ പ്രവാസിയുടെ പല ചോദ്യങ്ങള്‍ക്കും മുന്നിലും ആശയക്കുഴപ്പിലാകുന്നതാണ് പിന്നീട് കണ്ടത്. ഇതിന്റെ വീഡിയോ പ്രവാസി തന്നെ സമൂഹ മാധ്യമത്തിലും പങ്കുവച്ചു. നിമിഷങ്ങള്‍ക്കകം വൈറലായ വീഡിയോക്ക് താഴെ സമാനമായ സഭവങ്ങള്‍ നേരിട്ട നിരവധിയാളുകളാണ് കമന്റുകള്‍ രേഖപ്പെടുത്തിയത്.
പ്രവാസിയെ അഭിനന്ദിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയവും രംഗത്തെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, വിദേശ രാജ്യത്തുനിന്നാണ് തട്ടിപ്പുകാരന്‍ വീഡിയോകോളില്‍ എത്തിയതെന്ന് വ്യക്തമായി. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പൊലീസ് യൂണിഫോം, ഔദ്യോഗിക ചിഹ്നങ്ങള്‍ എന്നിവ കണ്ട് ആരും വഞ്ചനയ്ക്ക് ഇരയാകരുതെന്നും ഇത്തരത്തില്‍ ഉദ്യോഗസ്ഥരാരും വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ട് നിയമ നടപടികെളക്കുറിച്ച് സംസാരിക്കാറില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Content Highlights: Kuwait Home Ministry congratulates expatriate who bravely confronted online fraud