

തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റം നന്നാവണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സര്‍ക്കാര്‍ ഓഫീസുകളില്‍ വരുന്ന ജനങ്ങളോട് സ്‌നേഹത്തോടെയും മര്യാദയോടെയും വേണം മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പെരുമാറാന്‍. പ്രൈവറ്റ് ബസുകാരും കണ്‍സള്‍ട്ടന്റ്മാരുമടക്കം നിങ്ങളുടെയടുത്ത് കള്ളപ്പരാതികളുമായി വരും. പ്രകോപിപ്പിക്കാന്‍ ശ്രമിക്കും. നിങ്ങള്‍ സത്യസന്ധരായി ജോലി ചെയ്താല്‍ മതി. ആരെയും ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
വിവരാവകാശ നിയമത്തെപ്പോലും ദുരുപയോഗം ചെയ്യുന്നവരുണ്ട്. വിവരാവകാശം നല്‍കിയും മന്ത്രിക്ക് പരാതി അയച്ചും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. മന്ത്രിയുടെ പേരും പറഞ്ഞ് ഭയപ്പെടുത്തുന്നവരുമുണ്ട്. അങ്ങനെ ആളുകള്‍ വന്ന് ഭയപ്പെടുത്തിയാല്‍ ഉദ്യോഗസ്ഥര്‍ ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.
കള്ളക്കേസില്‍ കുടുക്കുന്നത് സ്ഥിരം പരിപാടിയായിരുന്നു. അത്തരത്തിലുള്ള പരാതികളുമായി തന്നെ സമീപിച്ചവരുമുണ്ട്. അങ്ങനെയുള്ള പരാതികൾ സ്വീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചു. പരാതി കൊടുക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്ന ചിലരുണ്ട്. മറ്റുള്ളവരെ ഭയപ്പെടുത്തി പണം തട്ടാനാണ് ഇവരുടെ ശ്രമം. നിങ്ങള്‍ ഭയത്തിന് കീഴടങ്ങരുത്. അതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്നും മന്ത്രി പറഞ്ഞു.
Content Highlights- Minister K B Ganesh Kumar warns to motor vehicle department