

വഡോദര: ഗുജറാത്തിലെ വഡോദരയിൽ നടന്ന പരിശോധനയിൽ അന്താരാഷ്ട്ര വ്യാജ കോൾ സെന്റർ റാക്കറ്റിനെ തകർത്ത് പൊലീസ്. യുഎസ് ആസ്ഥാനമായുള്ള കമ്പനിയുടെ പ്രതിനിധികളാണെന്ന വ്യാജേന യുകെയിലും യുഎസിലുമുള്ള എൺപത് പേരെയാണ് മൂന്ന് പേരടങ്ങിയ സംഘം കബളിപ്പിച്ചത്. പിടിയിലായ മൂന്ന് പേരും ടെക്കികളാണ്. മികച്ച രീതിയിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്ത് വ്യാജ ലോൺ രേഖകൾ ചമച്ച് ഗൂഢമായ തന്ത്രങ്ങൾ മെനഞ്ഞാണ് ഈ സംഘം പ്രവർത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഏകദേശം മുപ്പത് ലക്ഷത്തോളം രൂപയാണ് തട്ടിപ്പിലൂടെ ഇവർ കൈക്കലാക്കിയത്.
കുറ്റവാളികളിൽ റാവത്ത്, അൻഷ് പാഞ്ചൽ എന്നിവർ എൻജിനീയർമാരാണ്. ഒരാൾ ഇലക്ട്രോണിക്‌സും മറ്റൊരാൾ മെക്കാനിക്കൽ എൻജീനീയറിങും പാസായിട്ടുണ്ട്. സാങ്കേതിക വിദ്യയിലുള്ള അറിവും ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവും ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. മൂന്നാം പ്രതി ഡാറ്റ സോഴ്‌സിങിനും കോളുകൾ കോർഡിനേറ്റ് ചെയ്യാനുമുള്ള സഹായമാണ് നൽകി വന്നിരുന്നത്.
പ്രോസ്പർ ഫണ്ടിങ് എന്ന സാങ്കൽപികമായ കമ്പനിയുടെ ജീവനക്കാരായാണ് ഇവർ ഇരകളെ സമീപിച്ചത്. വ്യാജമായി നിർമിച്ച ലോൺ അപ്രൂവൽ ലെറ്റുകളും രേഖകളും നൽകിയായിരുന്നു തട്ടിപ്പ്. ഇരകളോട് ലോൺ തുക കൈമാറണമെങ്കിൽ അഡ്വാൻസായി ഇരുപത് ശതമാനം കമ്മീഷൻ എന്ന നിലയിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. നിയമപരമായി പ്രവർത്തിക്കുന്ന കമ്പനിയാണെന്ന വിശ്വാസത്തിൽ പലരും പണം നൽകാൻ തയ്യാറായി. രണ്ടുമാസം മാത്രം പ്രവർത്തിച്ച തട്ടിപ്പ് സംഘം 80 വിദേശികളെ കബളിപ്പിച്ച് 30 ലക്ഷം കൈക്കലാക്കിയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആറ് മൊബൈൽ ഫോണുകളും നിരവധി ലാപ്പ്‌ടോപ്പുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് ഫോറൻസിക്ക് വിദഗ്ധർ പരിശോധിക്കും. തട്ടിപ്പ് പുറ്ത്തായതോടെ വിദേശ കസ്റ്റമർമാരുടെ വിവരങ്ങൾ കൈമാറുന്ന സംഘത്തെ കുറിച്ചുള്ള വിവരവും പുറത്ത് വന്നിരിക്കുകയാണ്. ടെലഗ്രാം ചാനലുകൾ വഴി ഒരാളുടെ വിവരങ്ങൾക്ക് എൺപതു രൂപ നിരക്കിലാണ് ഈ സംഘം വാങ്ങിയിരിക്കുന്നത്. കസ്റ്റമറുടെ പേര്, ഫോൺ നമ്പർ ഉൾപ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങൾ വാങ്ങിയ തട്ടിപ്പ് സംഘം ഇത് നൂറു രൂപ വച്ച് ഡൽഹി, കൊൽക്കത്ത, മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലുള്ള കോൾ സെന്റുകൾക്ക് മറിച്ച് വിറ്റിട്ടുമുണ്ട്.
Content highlights: Gujarat techies runs fraud call centre arrested