80 കോടി രൂപ വിലവരുന്ന പാമ്പിന്‍ വിഷം, 20 ലക്ഷത്തോളമുള്ള ഈനാംപേച്ചിയുടെ ചെതുമ്പല്‍; മൂന്നംഗ സംഘം പിടിയില്‍

പ്രതികളെ ബുധനാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

80 കോടി രൂപ വിലവരുന്ന പാമ്പിന്‍ വിഷം, 20 ലക്ഷത്തോളമുള്ള ഈനാംപേച്ചിയുടെ ചെതുമ്പല്‍; മൂന്നംഗ സംഘം പിടിയില്‍
dot image

മേദിനിനഗര്‍: ജാര്‍ഖണ്ഡിലെ പലാമു ജില്ലയില്‍ പാമ്പിന്റെ വിഷം കടത്തുന്ന സംഘം പിടിയിലായതായി വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെയും വനം വകുപ്പിന്റെയും സംയുക്ത സംഘം. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 1,200 ഗ്രാം പാമ്പിന്‍ വിഷവും 2.5 കിലോഗ്രാം ഭാരമുള്ള ഈനാംപേച്ചിയുടെ ചെതുമ്പലും കണ്ടെടുത്തതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബിഹാറിലെ ഔറംഗാബാദ് സ്വദേശിയായ 60-കാരൻ മുഹമ്മദ് സിറാജ്, മകനും 36-കാരനുമായ മുഹമ്മദ് മിറാജ്, ഹരിഗഞ്ച് സ്വദേശിയായ രാജു കുമാർ ഷോണ്ടിക്(50) എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച നടത്തിയ റെയ്ഡുകളെ തുടര്‍ന്നാണ് അറസ്റ്റ് നടന്നതെന്ന് മേദിനിനഗര്‍ ജില്ലാ വനം ഓഫീസര്‍ സത്യം കുമാര്‍ പിടിഐയോട് പറഞ്ഞു. പ്രതികളെ ബുധനാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഈ റാക്കറ്റില്‍ പലരും ഉള്‍പ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും റെയ്ഡുകള്‍ തുടരുകയാണെന്നും ഡിഎഫ്ഒ വ്യക്തമാക്കി. പിടിച്ചെടുത്ത വിഷത്തിന് ഏകദേശം 80 കോടി രൂപ വിലവരും. ഈനാംപേച്ചിയുടെ ചെതുമ്പലിന് 15-20 ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഹരിഗഞ്ചിൽ പച്ച മരുന്ന് കട നടത്തുന്നയാളാണ് രാജു കുമാർ ഷോണ്ടിക്. രഹസ്യ വിവരത്തെ തുടർന്ന് ഇവർ ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു. ബിഹാറിൽ നിന്നാണ് അച്ഛനും മകനും അറസ്റ്റിലായത്. ഇതിന് പിന്നാലെ ഹരിഗഞ്ചിൽ നിന്നാണ് രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Content Highlights: snake venom smuggling racket busted in Jharkhand’s Palamu

dot image
To advertise here,contact us
dot image