

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തിന് പിന്നാലെ അമേരിക്കൻ കോൺഗ്രസ് അംഗത്വം രാജിവെയ്ക്കുമെന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ വനിതാ അംഗമായ മാർജോറി ടെയ്‌ലർ ഗ്രീൻ. കടുത്ത ട്രംപ് അനുകൂലിയും തീവ്രവലതുപക്ഷ നേതാവുമായി അറിയപ്പെട്ടിരുന്ന മാർജോറിയെ നേരത്തെ ട്രംപ് തള്ളിപ്പറഞ്ഞിരുന്നു. ഓൺലൈനിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ടെയ്ലർ ഗ്രീൻ രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഞാൻ സ്ഥാനമൊഴിയും, 2026 ജനുവരി 5 അവസാന ദിവസം ആണ് എന്നായിരുന്നു ടെയ്‌ലർ ഗ്രീനിൻ്റെ പ്രഖ്യാപനം. 2020ൽ ജോർജിയയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കൻ പാർട്ടിയുടെ വനിതാ നേതാവാണ് 51കാരിയായ മാർജോറി ടെയ്‌ലർ ഗ്രീൻ.
കഴിഞ്ഞ അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിനെ പിന്തുണച്ച് രംഗത്തുണ്ടായിരുന്ന മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (MAGA) പ്രസ്ഥാനത്തിന്റെ ശക്തയായ വ്യക്താവ് എന്ന നിലയിലാണ് മാർജോറി ടെയ്‌ലർ ഗ്രീൻ ശ്രദ്ധേയായത്. എന്നാൽ നവംബർ ഏഴിന് ടെയ്ലർ ഗ്രീനിനെ തള്ളിപ്പറഞ്ഞ് ട്രംപ് രംഗത്ത് വന്നിരുന്നു. പിന്നാലെ ലൈറ്റ്‌വെയ്റ്റ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ട്രെയ്റ്റർ എന്നെല്ലാം ടെയ്‌ലർ ഗ്രീനിനെ വിശേഷിപ്പിച്ച് ട്രംപ് ഒന്നിലേറെ തവണ ട്രൂത്ത് സോഷ്യലിൽ പോസ്റ്റുകൾ ഇട്ടിരുന്നു.
അമേരിക്കയിലെ ഓഫ്-ഇയർ തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റിക് വിജയങ്ങളിലും, ഇടതുപക്ഷ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഹ്‌റാൻ മംദാനിയുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചയിലും മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (MAGA) പ്രസ്ഥാനത്തിൽ ശക്തമായ ഭിന്നത ഉടലെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് MAGAയുടെ ശക്തയായ വ്യക്താക്കളിൽ ഒരാളായിരുന്ന മാർജോറി ടെയ്‌ലർ ഗ്രീനിൻ്റെ രാജി പ്രഖ്യാപനം പുറത്ത് വന്നിരിക്കുന്നത്.
ലൈംഗിക കുറ്റവാളിയെന്ന് വിധിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീന്റെ കേസിൽ ട്രംപ് സ്വീകരിച്ച നിലപാട് മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ പ്രസ്ഥാനത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടാക്കിയിരുന്നു. ഈ ജെഫ്രി എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ശക്തമായ നിലപാട് മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ പ്രസ്ഥാനത്തിലെ ഒരു വിഭാഗം മുന്നോട്ടുവെച്ചിരുന്നു. '14 വയസ്സുള്ളപ്പോൾ ബലാത്സംഗം ചെയ്യപ്പെട്ട, കടത്തിക്കൊണ്ടുപോകപ്പെട്ട, ധനികരും ശക്തരുമായി പുരുഷന്മാർ ലൈംഗികമായി ഉപയോഗിച്ച അമേരിക്കൻ സ്ത്രീക്ക് വേണ്ടി നിലകൊണ്ടത് എന്നെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നതിലേക്കും ഞാൻ പോരാടിയ അമേരിക്കൻ പ്രസിഡന്റിന്റെ ഭീഷണിയ്ക്കും കാരണമാകരു'തെന്ന് ഗ്രീൻ ചൂണ്ടിക്കാണിച്ചിരുന്നു.
നേരത്തെ എപ്സ്റ്റീൻ വിഷയത്തിൽ വിമർശനം ഉന്നയിക്കുന്നവർക്കെതിരെ ട്രൂത്ത് സോഷ്യലൂടെ ഡോണൾഡ് ട്രംപ് വിമർശനം ഉന്നയിച്ചിരുന്നു. ട്രംപിനായി രംഗത്തുണ്ടായിരുന്ന മെയ്ക്ക് അമേരിക്ക ഗ്രെയ്റ്റ് എഗെയ്ൻ(MAGA) കൂട്ടായ്മയെയും ട്രംപ് കുറ്റപ്പെടുത്തിരുന്നു. ഇനി അവരുടെ പിന്തുണ വേണ്ട എന്നും ട്രംപ് പ്രതികരിച്ചിരുന്നു. അവരെ ദുർബലർ എന്ന വിളിച്ച ട്രംപ് അവർ ഡൊമോക്രാറ്റുകളുടെ കൈകളിലെ കളിപ്പാട്ടമാണെന്നും കുറ്റപ്പെടുത്തയിരുന്നു. വിമർശനം കുറയ്ക്കാനും എപ്സ്റ്റീനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം 'അമേരിക്ക ആദ്യം' അജണ്ടയുമായി ബന്ധപ്പെട്ട വിശാലമായ ലക്ഷ്യങ്ങളിലേക്ക് സന്ദേശമയയ്ക്കാനും ട്രംപ് MAGA കൂട്ടായ്മയോട് ആവശ്യപ്പെട്ടിരുന്നു.
2005-ൽ, 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള പരാതിയെ തുടർന്നാണ് ജെഫ്രി എപ്സ്റ്റീനെതിരെ അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണത്തിൽ എപ്സ്റ്റീൻ 36 പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതായി കണ്ടെത്തി. രണ്ട് കേസുകളിൽ ഇയാൾ കുറ്റം സമ്മതിക്കുകയും 2008-ൽ ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്നാൽ 13 മാസം മാത്രമാണ് എപ്സ്റ്റീന് ജയിലിൽ കഴിയേണ്ടി വന്നത്. പിന്നീട് 2019 ജൂലൈയിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങൾക്കായി കടത്തിയെന്ന കുറ്റത്തിന് ജെഫ്രി എപ്സ്റ്റീൻ വീണ്ടും അറസ്റ്റിലായി. ബാലലൈംഗികപീഡന പരമ്പരയുമായി ബന്ധപ്പെട്ട വിചാരണക്കിടെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ 2019 ഓഗസ്റ്റിൽ ജയിലിൽ ആത്മഹത്യ ചെയ്തു. പിന്നാലെ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പങ്കാളികളായവർക്കെതിരായ നിയമ നടപടികൾ നിർത്തി വെയ്ക്കുകയായിരുന്നു.
ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കണ്ടെത്തിയ വിവരങ്ങൾ, ബന്ധപ്പെട്ട രേഖകൾ, കോൺടാക്റ്റ് ലിസ്റ്റുകൾ, കോൾ റെക്കോർഡുകൾ, ചാറ്റുകൾ, വീഡിയോകൾ, അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും ക്ലെയിന്റുകളുടെയും പേരുകൾ, മറ്റ് അന്വേഷണ ഡാറ്റ എന്നിവ ഉൾപ്പെടുന്ന ഫയലാണ് എപ്സ്റ്റീൻ ഫയലുകൾ എന്നറിയപ്പെടുന്നത്. എപ്സ്റ്റീനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണവും എപ്സ്റ്റീനുമായി ബന്ധപ്പെട്ട മെറ്റീരിയലുകളുമായി ബന്ധപ്പെട്ട് നടത്തിയ അവലോകനങ്ങളും അമേരിക്കൻ ഭരണകൂടം അംഗീകരിച്ചിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുത്ത രേഖകൾ മാത്രമേ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവിട്ടിട്ടുള്ളൂ. ഇത് പൂർണ്ണമായും പുറത്ത് വിടണമെന്ന നിലപാടുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ വാദപ്രതിവാദങ്ങൾ നടക്കുന്നത്.
Content Highlight: Major MAGA figure Marjorie Taylor Greenee resigns from US Congress