

കൊച്ചി: ഐക്യരാഷ്ട്രസഭ വിമൺ ശിൽപശാലയിലേക്ക് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. തൊഹാനി തെരഞ്ഞെടുക്കപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ യുഎൻ വിമൺ ഷീ ലീഡ്‌സിലേക്കാണ് എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയും റിസർച്ച് സ്കോളറുമായ തൊഹാനി തെരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രീയ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന വനിതാ നേതാക്കൾക്ക് വേണ്ടി യുഎൻ വിമൺ സംഘടിപ്പിക്കുന്ന ശിൽപശാലയാണ് ഷീലീഡ്‌സ്.
സ്ത്രീ ശാക്തീകരണത്തിനും രാഷ്ട്രീയ പൊതുരംഗത്തെ വനിതാ നേതാക്കളുടെ ഉന്നമനവും ലക്ഷ്യംവെച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ സംഘടനയാണ് യുഎൻ വിമൺ. ഡിസംബർ ആദ്യവാരമാണ് ഷീലീഡ്‌സ് ശിൽപശാല. മുസ്‌ലിം ലീഗിന്റെ വിദ്യാർത്ഥിനി സംഘടനയായ ഹരിതയുടെ മലപ്പുറം ജില്ലാ പ്രസിഡന്റ് ആയാണ് തൊഹാനി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നേതൃസ്ഥാനത്തേക്ക് വരുന്നത്. പിന്നീട് മുസ്‌ലിം ലീഗിന്റെ ചരിത്രത്തിലാദ്യമായി വനിതാ അംഗങ്ങളെ എംഎസ്എഫിന്‍റെ സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുത്തപ്പോൾ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തൊഹാനി ഉണ്ടായിരുന്നു.
നിലവിൽ അലയൻസ് യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി റിസർച്ച് സ്കോളർ കൂടിയാണ് തൊഹാനി. കോഴിക്കോട് ലോ കോളേജിൽ നിന്ന് ബിഎ എൽഎൽബി ബിരുദവും കോഴിക്കോട് യൂണിവേഴ്സിറ്റി ലോ ഡിപ്പാർട്ട്മെന്റിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. സൗദി അറേബ്യയിൽ വെച്ച് നടന്ന മിഡിൽ ഈസ്റ്റ് യൂത്ത് സമ്മിറ്റ് അടക്കം നിരവധി ദേശീയ അന്തർദേശീയ സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്. എംസിഡി ലോ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായും വിവിധ സ്ഥാപനങ്ങളുടെ ലീഗൽ അഡ്വൈസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും നിയമപരമായ പരിഹാരങ്ങൾ തേടുന്നതിനുമായുള്ള പഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള ജാഗ്രത സമിതികളിലും ജോലിസ്ഥലത്തെ ലൈംഗിക പീഡനം തടയൽ നിയമത്തിന്‍റെ ഭാഗമായ അവബോധ സെഷനുകളും പരിശീലനങ്ങളും നൽകുന്നുണ്ട്. ന്യൂനപക്ഷ രാഷ്ട്രീയം, വിദ്യാഭ്യാസം, സമകാലിക വിഷയങ്ങൾ തുടങ്ങിയ മേഖലകളിൽ എഡിറ്റോറിയൽ ലേഖനങ്ങളും കോളങ്ങളും തൊഹാനി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാർലമെന്‍റിൽ കഴിഞ്ഞ മാസം നടന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺസ്റ്റിറ്റ്യുഷനൽ ആൻഡ് പാർലമെന്ററി സ്റ്റഡീസും നാഷണൽ ലോ യൂണിവേഴ്‌സിറ്റിയും ചേർന്ന് സംഘടിപ്പിച്ച നിയമനിർമ്മാണവുമായി ബന്ധപ്പെട്ട കോഴ്സിലേക്കും തൊഹാനിയെ തെരഞ്ഞെടുത്തിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് (IIM), ഇന്ത്യൻ സൊസൈറ്റി ഓഫ് ഇന്റർനാഷണൽ ലോ, ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച്, നാഷണൽ ലോ യൂണിവേഴ്സിറ്റി, ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ട്, ലെഡ് ബൈ ഫൗണ്ടേഷൻ തുടങ്ങി രാജ്യത്തെ മികച്ച സ്ഥാപനങ്ങളിൽ നിന്ന് വിവിധ കോഴ്സുകളും പരിശീലനങ്ങളും തൊഹാനി നേടിയിട്ടുണ്ട്.
Content Highlights : MSF leader Adv Thohani selected for the United Nations Women workshop