തേജസ് യുദ്ധ വിമാനം തകര്‍ന്നുണ്ടായ അപകടം; കൊല്ലപ്പെട്ട വിങ് കമാന്‍ഡറുടെ മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും

തേജസ് യുദ്ധ വിമാനം തകര്‍ന്നുണ്ടായ അപകടത്തിലാണ് വിങ് കമാന്‍ഡര്‍ നമാംശ് സ്യാലിന് ജീവന്‍ നഷ്ടമായത്

തേജസ് യുദ്ധ വിമാനം തകര്‍ന്നുണ്ടായ അപകടം; കൊല്ലപ്പെട്ട വിങ് കമാന്‍ഡറുടെ മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും
dot image

ന്യൂഡല്‍ഹി: ദുബായില്‍ എയര്‍ ഷോയ്ക്കിടെ അപകടത്തില്‍ കൊല്ലപ്പെട്ട വിങ് കമാന്‍ഡറുടെ മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും. തേജസ് യുദ്ധ വിമാനം തകര്‍ന്നുണ്ടായ അപകടത്തിലാണ് വിങ് കമാന്‍ഡര്‍ നമാംശ് സ്യാലിന് ജീവന്‍ നഷ്ടമായത്. ഉച്ചയോടെ നമാംശ് സ്യാലിന്റെ മൃതദേഹം ഡല്‍ഹിയിലെത്തിക്കും.

ഹിമാചൽ പ്രദേശില്‍ നിന്നുള്ള വിങ് കമാന്‍ഡറാണ് നമാംശ് സ്യാല്‍. 37 വയസായിരുന്നു. വെള്ളിയാഴ്ച്ച ഉച്ച കഴിഞ്ഞ് പ്രാദേശിക സമയം 2.15നായിരുന്നു അപകടമുണ്ടായത്. പൈലറ്റിന് പുറത്തേക്ക് ചാടാന്‍ സാധിക്കാതിരുന്നതാണ് മരണ കാരണമായത്. വിമാനം തകര്‍ന്ന സംഭവത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് വ്യോമസേന. അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിക്കും. ബ്ലാക്ക് ബോക്‌സ് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപകട കാരണം സാങ്കേതിക തകരാറല്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അഭ്യാസപ്രകടനത്തിന്റെ ഭാഗമായി രണ്ട് തവണ തേജസ് ആകാശത്ത് കരണംമറിഞ്ഞിരുന്നു(റോള്‍ ഓവര്‍). ഇതിന് ശേഷമാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ഷോയില്‍ പ്രദര്‍ശനത്തിനെത്തിയ വിമാനങ്ങളും ഹെലികോപ്ടറുകളും പ്രദര്‍ശിപ്പിച്ച ഭാഗത്ത് നിന്ന് 1.6 കിലോമീറ്റര്‍ മാറിയാണ് അപകടമുണ്ടായത്. അതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

ഹൈദരാബാദ് വ്യോമതാവളത്തിലായിരുന്നു നമാംശിന് നിയമനം. ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥയായ അഫ്‌സാനും മകള്‍ക്കുമൊപ്പം ഹൈദരാബാദിലായിരുന്നു നമാംശ് താമസിച്ചിരുന്നത്. പിതാവ് ജഗന്‍ നാഥ് റിട്ട. ആര്‍മി ഓഫീസറാണ്. മാതാവ് ബീനാ ദേവി.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമസേനാ വിമാനമാണ് തേജസ്. വ്യോമാഭ്യാസത്തിനിടെ തേജസ് നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ഒരു പൈലറ്റ് മാത്രമുള്ള ലൈറ്റ് കോംപാക്ട് വിമാനമാണിത്.

സംഘമായുള്ള പ്രകടനത്തിന് ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പൈലറ്റിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് എയര്‍ഷോ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

Content Highlight; Body of Wing Commander killed in Dubai air show accident to be brought to Delhi today

dot image
To advertise here,contact us
dot image