'ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് ഇന്നിങ്സുണ്ട്, ഈ മത്സരത്തിൽ ഇനിയും ഒരുപാട് സമയമുണ്ട്': മിച്ചൽ സ്റ്റാർക്

'ആഷസിൽ പാറ്റ് കമ്മിൻസിന്റെയും ജോഷ് ഹേസൽവുഡിന്റെയും അഭാവം ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയാണ്'

'ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് ഇന്നിങ്സുണ്ട്, ഈ മത്സരത്തിൽ ഇനിയും ഒരുപാട് സമയമുണ്ട്': മിച്ചൽ സ്റ്റാർക്
dot image

ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയൻ ബാറ്റിങ് നിര തകർന്നടിഞ്ഞതിൽ പ്രതികരണവുമായി പേസ് ബൗളർ മിച്ചൽ സ്റ്റാർക്ക്. ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് ഇന്നിങ്സുകളുണ്ടെന്നും ഈ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് തിരിച്ചുവരാൻ ഒരുപാട് സമയമുണ്ടെന്നും സ്റ്റാർക്ക് പ്രതീക്ഷ പ്രകടിപ്പിച്ചു. ആ​ഷസ് ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ മത്സരം അവസാനിച്ചതിന് പിന്നാലെയായിരുന്നു സ്റ്റാർക്കിന്റെ വാക്കുകൾ.

'ഓസ്ട്രേലിയൻ ടീമിന് ഒരു പ്ലാൻ ഉണ്ടായിരുന്നു. എന്നാൽ എപ്പോഴും ആ പദ്ധതികൾക്ക് അനുസരിച്ച് കാര്യങ്ങൾ പോകണമെന്നില്ല. വിക്കറ്റുകൾ നേടുക എന്നതാണ് എന്റെ റോൾ. പ്രത്യേകിച്ച് മത്സരത്തിന്റെ തുടക്കത്തിൽ. പലപ്പോഴും അത് പൂർത്തിയാക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. തുടക്കത്തിൽ വിക്കറ്റുകൾ വീഴുന്നത് എതിരാളികൾക്ക് സ്കോറിങ് ചെയ്യുന്നതിന് ബുദ്ധിമുട്ടാണ്ടാക്കും,' സ്റ്റാർക്ക് പ്രതികരിച്ചു.

'ആഷസിൽ പാറ്റ് കമ്മിൻസിന്റെയും ജോഷ് ഹേസൽവുഡിന്റെയും അഭാവം ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയാണ്. എങ്കിലും ഇപ്പോഴും അനുഭവസമ്പത്തുള്ള നിരയാണ് ഓസ്ട്രേലിയയുടേത്. പെർത്തിലെ പിച്ച് ബൗളർമാർക്ക് അനുകൂലമായിരുന്നു. രണ്ട് ടീമുകളും നന്നായി പന്തെറിഞ്ഞു. ആദ്യ ദിവസം തന്നെ 19 വിക്കറ്റുകൾ വീണിരിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് ഇന്നിങ്സുകളുണ്ട്. ഓസ്ട്രേലിയൻ ടീമിന് തിരിച്ചുവരാൻ ഇനിയും സമയമുണ്ട്,' സ്റ്റാർക്ക് വ്യക്തമാക്കി.

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സ് ലീഡിലേക്ക് നീങ്ങുകയാണ്. ഇം​ഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 172 റൺസിന് മറുപടി പറഞ്ഞ ഓസ്ട്രേലിയ ഒന്നാം ദിവസം മത്സരം നിർത്തുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെന്ന നിലയിലാണ്. ഇം​ഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനൊപ്പമെത്താൻ ഓസ്ട്രേലിയയ്ക്ക് ഇനി 49 റൺസ് കൂടി വേണം. ഏഴ് വിക്കറ്റെടുത്ത് ഇം​ഗ്ലണ്ടിനെ തകർത്ത ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന് അഞ്ച് വിക്കറ്റ് നേട്ടത്തിലൂടെ ഇം​ഗ്ലീഷ് നായകൻ മറുപടി നൽകി.

Content Highlights: Mitchell Starc Ready To Go Again vs England

dot image
To advertise here,contact us
dot image