തേജസ് യുദ്ധ വിമാനം തകര്‍ന്നുണ്ടായ അപകടം; മരിച്ചത് വ്യോമസേന വിംഗ് കമാന്‍ഡര്‍ നമന്‍ഷ് സ്യാല്‍

ഹിമാചല്‍ പ്രദേശ് കംഗ്ര സ്വദേശിയാണ്

തേജസ് യുദ്ധ വിമാനം തകര്‍ന്നുണ്ടായ അപകടം; മരിച്ചത് വ്യോമസേന വിംഗ് കമാന്‍ഡര്‍ നമന്‍ഷ് സ്യാല്‍
dot image

ദുബായ്: ദുബായില്‍ എയര്‍ഷോയ്ക്കിടെ തേജസ് യുദ്ധ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചത് വ്യോമസേന വിംഗ് കമാന്‍ഡര്‍ നമന്‍ഷ് സ്യാല്‍(37). ഹിമാചല്‍ പ്രദേശ് കംഗ്ര സ്വദേശിയാണ് നമന്‍ഷ് സ്യാല്‍. സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഉള്‍പ്പെടെയുള്ളവരും അനുശോചനം രേഖപ്പെടുത്തി.

ധീരനും കർത്തവ്യനിരതനുമായ ഒരു പൈലറ്റിനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു എക്സിൽ കുറിച്ചു. നമൻഷിൻ്റെ മരണത്തിൽ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിൻ്റെ ധീരതയ്ക്കും കർത്തവ്യത്തോടുള്ള അർപ്പണബോധത്തിനും രാജ്യസേവനത്തോടുള്ള പ്രതിബദ്ധതയ്ക്കും മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും സുഖ്‌വീന്ദർ സിങ് കുറിച്ചു.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമസേനാ വിമാനമാണ് തേജസ്. വ്യോമാഭ്യാസത്തിനിടെ തേജസ് നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ഒരു പൈലറ്റ് മാത്രമുള്ള ലൈറ്റ് കോംപാക്ട് വിമാനമാണിത്.

സംഘമായുള്ള പ്രകടനത്തിന് ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പൈലറ്റിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് എയര്‍ഷോ താത്ക്കാലികമായി നിര്‍ത്തിവെച്ചു.

Content Highlights: IAF Wing Commander Namansh Syal died in Tejas crash in Dubai

dot image
To advertise here,contact us
dot image