ഗുജറാത്തിലും ബിഎല്‍ഒ ജീവനൊടുക്കി; എസ്ഐആറിലെ സമ്മര്‍ദ്ദം താങ്ങാനാവാതെയെന്ന് കുടുംബം

ഛര കന്യ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനാണ് ജീവനൊടുക്കിയത്

ഗുജറാത്തിലും ബിഎല്‍ഒ ജീവനൊടുക്കി; എസ്ഐആറിലെ സമ്മര്‍ദ്ദം താങ്ങാനാവാതെയെന്ന് കുടുംബം
dot image

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ബിഎല്‍ഒ ജീവെനാടുക്കി. ഛര കന്യ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനും ദേവാലി സ്വദേശിയുമായ അരവിന്ദ്കുമാര്‍ മുല്‍ജിഭായ് വധേറി(39)നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്ഐആറിലെ സമ്മര്‍ദ്ദം താങ്ങാനാവാതെ അരവിന്ദ്കുമാർ ജീവനൊടുക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

അരവിന്ദ്കുമാർ എഴുതിയ കുറിപ്പ് അദ്ദേഹത്തിൻ്റെ മുറിയിൽ നിന്ന് വീട്ടുകാർ കണ്ടെത്തി. അതിൽ എസ്ഐആർ ജോലികളിൽ നേരിടുന്ന മാനസിക സമ്മർദ്ദത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്.

'കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എസ്‌ഐആർ ജോലികളിൽ ഞാൻ ക്ഷീണിതനും മാനസിക ബുദ്ധിമുട്ടിലുമാണ്. ഇങ്ങനെ ചെയ്യുകയല്ലാതെ മറ്റ് വഴികളില്ല', എന്നാണ് അരവിന്ദ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്ന് സബ് ഇന്‍സ്‌പെക്ടര്‍ എന്‍ ബി ചൗഹാന്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എസ്ഐആറിലെ ജോലി സമ്മർദ്ദത്തെക്കുറിച്ച് രാജ്യം ചർച്ച ചെയ്യുകയാണ്. ദിവസങ്ങൾക്ക് മുൻപ് കേരളത്തിലും രാജസ്ഥാനിലുമുള്ള ബിഎൽഒമാർ ജീവനൊടുക്കിയിരുന്നു. പയ്യന്നൂര്‍ മണ്ഡലം പതിനൊന്നാം ബൂത്തിലെ ഓഫീസറായിരുന്ന അനീഷ് ജോര്‍ജിനെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലുള്ളവര്‍ പള്ളിയില്‍ പോയപ്പോഴായിരുന്നു സംഭവം. ജോലി സമ്മര്‍ദം മൂലം അനീഷ് ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം മുതല്‍ പുറത്തുവന്ന വിവരം.

രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരനായ മുകേഷ് ജംഗിദ്(45) ആണ് ആത്മഹത്യ ചെയ്തത്. എസ്ഐആറിന്റെ ഭാഗമായുള്ള പ്രവൃത്തികളുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നാണ് കുടുംബം ആരോപിച്ചത്. അധ്യാപകന്റെ പോക്കറ്റില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു.

നഗ്രി കാ ബാസിലെ പ്രൈമറി സ്‌കൂളിലെ അധ്യാപകനായിരുന്നു മുകേഷ്. അതോടൊപ്പം തന്നെ ബിഎല്‍ഒ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ബിന്ദായക റെയില്‍വേ ക്രോസിംഗില്‍ ട്രെയിനിന് മുമ്പില്‍ ചാടിയാണ് മുകേഷ് ജീവനൊടുക്കിയതെന്ന് ബിന്ദായക എസ്എച്ചഒ വിനോദ് വര്‍മ പറഞ്ഞിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: gujarat blo died in gujarat and note overburdened by sir work

dot image
To advertise here,contact us
dot image