എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള പണം നൽകും; ഷബീറിനെ പിന്തുണക്കാൻ എടയൂരിലെ ദുരിതബാധിതർ

അത്തിപ്പറ്റ പഴയചന്ത വാളായത്ത് പ്രവര്‍ത്തിക്കുന്ന കോഴി മാലിന്യ സംസ്‌കരണ കേന്ദ്രം മൂലം ദുരിതം അനുഭവിക്കുന്ന പ്രദേശത്തുകാരാണ് കെട്ടിവെക്കാനുള്ള പണം നല്‍കുന്നത്

എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള പണം നൽകും; ഷബീറിനെ പിന്തുണക്കാൻ എടയൂരിലെ ദുരിതബാധിതർ
dot image

വളാഞ്ചേരി: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥനാര്‍ത്ഥിക്ക് കെട്ടിവെക്കാനുള്ള പണം നല്‍കാന്‍ ദുരിതബാധിതര്‍. എടയൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എം ഷബീറിനാണ് ദുരിത ബാധിതരുടെ പിന്തുണ. അത്തിപ്പറ്റ പഴയചന്ത വാളായത്ത് പ്രവര്‍ത്തിക്കുന്ന കോഴി മാലിന്യ സംസ്‌കരണ കേന്ദ്രം മൂലം ദുരിതം അനുഭവിക്കുന്ന പ്രദേശത്തുകാരാണ് കെട്ടിവെക്കാനുള്ള പണം നല്‍കുന്നത്.

കോഴി മാലിന്യ സംസ്‌കരണ കേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്നതിന് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയും വാര്‍ഡ് അംഗവും ഒത്താശ ചെയ്‌തെന്നാണ് ദുരിതബാധിതര്‍ പറയുന്നത്. ഇരകള്‍ക്കൊപ്പം നില്‍ക്കാതെ വേട്ടക്കാര്‍ക്കൊപ്പം നിന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്നുമാണ് ദുരിതബാധിതരുടെ വാദം.

യൂസര്‍ ഫീ ഇനത്തില്‍ പഞ്ചായത്തിലേക്ക് അടക്കേണ്ട ലക്ഷക്കണക്കിന് രൂപ കുടിശ്ശികയാക്കി വെച്ചിട്ടും വര്‍ഷം തോറും പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കിയെന്ന് സമരസമിതി വാദിക്കുന്നു. പ്ലാന്റിനെതിരായി നടക്കുന്ന പോരാട്ടത്തിന് ഉപാധികളില്ലാത്ത പിന്തുണയാണ് എല്‍ഡിഎഫ് നല്‍കിയിരുന്നത്. ദുരിത സമയങ്ങളില്‍ സഹായിച്ചത് എല്‍ഡിഎഫ് ആണെന്നും പ്രദേശത്തുകാര്‍ പറഞ്ഞു.

അശാസ്ത്രീയമായ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തി കാരണം പ്രദേശത്തെ 150ഓളം കുടുംബങ്ങള്‍ ദുര്‍ഗന്ധവും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും നേരിടുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ എടയൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് ജനകീയ മാര്‍ച്ച് നടത്തുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. നിരവധി നിയമലംഘനങ്ങള്‍ സ്ഥാപനത്തിനെതിരെ കണ്ടെത്തിയിരുന്നു.

Content Highlights: Victims to pay deposit to LDF candidate in local election

dot image
To advertise here,contact us
dot image