കോഴിക്കോട് യുഡിഎഫിന് തിരിച്ചടി; മേയർ സ്ഥാനാർത്ഥിയായ വി എം വിനുവിന് വോട്ടില്ല

എൽഡിഎഫ് ഭരിക്കുന്ന കോർപ്പറേഷന്റെ ഭരണം ഇത്തവണ വി എം വിനുവിനെയടക്കം രംഗത്തിറക്കി തിരിച്ചുപിടിക്കാനായിരുന്നു യുഡിഎഫിന്റെ നീക്കം

കോഴിക്കോട് യുഡിഎഫിന് തിരിച്ചടി; മേയർ സ്ഥാനാർത്ഥിയായ വി എം വിനുവിന് വോട്ടില്ല
dot image

കോഴിക്കോട്: കോർപ്പറേഷനിലേക്കുള്ള യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥിയായ സംവിധായകൻ വി എം വിനുവിന് വോട്ടില്ല. കല്ലായി ഡിവിഷനിൽനിന്നും വിനു വോട്ട് തേടി പ്രചാരണം തുടങ്ങിയിരുന്നു. എന്നാൽ പുതിയ പട്ടികയിലാണ് വിനുവിന് വോട്ടില്ലെന്ന വിവരം പുറത്തുവന്നത്. എൽഡിഎഫ് ഭരിക്കുന്ന കോർപ്പറേഷന്റെ ഭരണം ഇത്തവണ വി എം വിനുവിനെയടക്കം രംഗത്തിറക്കി തിരിച്ചുപിടിക്കാനായിരുന്നു യുഡിഎഫിന്റെ നീക്കം. എന്നാൽ ഇതിന് തിരിച്ചടിയാകുന്നതാണ് വിനുവിന് വോട്ടില്ലെന്ന വിവരം.

വി എം വിനുവിന് വോട്ടില്ലാത്തത് അസാധാരണമായ സംഭവമാണെന്ന് ഡിസിസി പ്രസിഡന്‍റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു. വിനുവിന് വോട്ടർ ഐഡിയുണ്ട്. എന്നാൽ വോട്ടില്ലെന്നും പ്രവീൺ കുമാർ പറഞ്ഞു. വിനുവിന് വോട്ടില്ലാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇലക്ഷന്‍ കമ്മീഷനാണ്. മറ്റ് സംസ്ഥാനങ്ങളെ വെല്ലുന്ന വോട്ടചോരിയാണ് കേരളത്തില്‍ നടക്കുന്നത്. ഇന്ന് തന്നെ കളക്ടറെ കാണും. നാളെ രാവിലെ ഹൈക്കോടതിയെ സമീപിക്കും. സിപിഐഎമ്മിന് ജയിക്കാന്‍ വേണ്ടി കരുതിക്കുട്ടി നടത്തിയ നാടകമാണിതെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യുന്ന വ്യക്തിയാണ് താനെന്നായിരുന്നു വി എം വിനു പറഞ്ഞത്. തന്റെ അവകാശം നിഷേധിക്കാന്‍ ആര്‍ക്കാണ് അധികാരം? ജനാധിപത്യ രാജ്യമാണോ എന്ന് സംശയമുണ്ട്. ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണിത്. കല്ലായിയില്‍ ശക്തമായ രീതിയില്‍ പ്രചാരണം തുടങ്ങിയതാണ്. നല്ല പ്രതീക്ഷയിലായിരുന്നു. വികസനമില്ലായ്മക്കെതിരെ മത്സരിക്കാനാണ് താന്‍ തീരുമാനിച്ചത്. മത്സരിക്കുന്നു എന്ന് പറഞ്ഞതോടെ തന്റെ വോട്ട് നിഷേധിക്കപ്പെട്ടു. കോടതിയില്‍ വിശ്വാസമര്‍പ്പിക്കുന്നു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ താന്‍ മുഴുവന്‍ വാര്‍ഡിലും സജീവമായുണ്ടാകും. സെപ്റ്റംബറിലെ കരട് പട്ടികയില്‍ വോട്ട് ഉണ്ടാവുമെന്നാണ് വിശ്വാസമെന്നും വി എം വിനു പറഞ്ഞു.

പ്രമുഖ എഴുത്തുകാരനും നാടകപ്രവർത്തകനുമായ വിനയന്റെ മകനാണ് വിനു. പഠനകാലത്തുതന്നെ നാടകപ്രവർത്തനത്തിൽ സജീവമായിരുന്ന വിനു പിന്നീട് സിനിമയിലെത്തി. ബാലേട്ടൻ, വേഷം, ബസ് കണ്ടക്ടർ, പല്ലാവൂർ ദേവനാരായണൻ, മയിലാട്ടം, ആകാശത്തിലെ പറവകൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ അടക്കം പതിനഞ്ചോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

അതേസമയം മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ എസ് എലിനെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയും വിവാദത്തിന് തിരികൊളുത്തിയിരുന്നു. സ്ഥിരതാമസമുള്ള വിലാസത്തിലല്ല വൈഷ്ണയുടെ വോട്ടെന്നും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്നും ചൂണ്ടിക്കാട്ടി സിപിഐഎം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വൈഷ്ണയെ ഹിയറിങ്ങിന് വിളിച്ചതിന് പിന്നാലെ വോട്ട് തള്ളുകയായിരുന്നു. മുട്ടടയില്‍ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നു. വിഷയത്തിൽ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. പിന്നാലെ പേര് ഒഴിവാക്കിയത് അനീതിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരാള്‍ മത്സരിക്കാന്‍ ഇറങ്ങിയതാണെന്നും സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചെന്നും രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇല്ലെങ്കില്‍ അസാധാരണ അധികാരം പ്രയോഗിക്കുമെന്നും ഹൈക്കോടതി പറയുകയുണ്ടായി. സാങ്കേതിക കാരണങ്ങളാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത്. ഒരു പെണ്‍കുട്ടി മല്‍സരിക്കാന്‍ നില്‍ക്കുമ്പോഴാണോ ഇത്തരം പ്രശ്‌നങ്ങളെന്നും കോടതി ചോദിച്ചിരുന്നു.

കേസില്‍ നാളെ വീണ്ടും ഹിയറിങ്ങ് നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അപേക്ഷ പരിഗണിക്കണമെന്നും എതിര്‍പ്പുണ്ടെങ്കില്‍ ഹിയറിങ്ങില്‍ അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രേഖകള്‍ പരിശോധിച്ച് രണ്ട് ദിവസത്തിനകം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞിരിക്കയാണ്.

Content Highlights: Kozhikode UDF Mayor Candidate VM Vinu 's name not in voters list

dot image
To advertise here,contact us
dot image