

എസ് എസ് രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമാണ് വാരാണാസി. കഴിഞ്ഞ ദിവസമാണ് വമ്പന്‍ വേദിയില്‍ സിനിമയുടെ ട്രെയ്ലർ ലോഞ്ച് നടന്നത്. പരിപാടിയിൽ രാജമൗലി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താൻ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്നാണ് രാജമൗലി പറയുന്നത്. തന്റെ അച്ഛനും ഭാര്യയും ഹനുമാൻ സ്വാമിയുടെ വലിയ ഭക്തരാണെന്നും എല്ലാം ഭഗവാൻ ഹനുമാൻ നോക്കുമെന്ന് പറയുന്നത് കേൾക്കുമ്പോൾ തനിക്ക് ദേഷ്യം വരാറുണ്ടെന്നും സംവിധായകൻ പറഞ്ഞു.
'ഇത് എനിക്ക് ഒരു വൈകാരിക നിമിഷമാണ്. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നയാളല്ല. ഹനുമാന്‍ ഭഗവാന്‍ എല്ലാം നോക്കുമെന്ന് എന്റെ അച്ഛൻ വന്ന് പറഞ്ഞു. ഇങ്ങനെയാണോ അദ്ദേഹം ശ്രദ്ധിക്കുന്നത് എന്നാണ് എനിക്ക് ചോദിക്കാന്‍ തോന്നുന്നത്. പലതും ആലോചിക്കുമ്പോൾ എനിക്ക് ദേഷ്യമാണ് വരുന്നത്', രാജമൗലി പറഞ്ഞു. സിനിമയുടെ ഷൂട്ടിനിടെ പല ഫൂട്ടേജും ലീക്കായതിനെ കുറിച്ചും ലോഞ്ച് പരിപാടിയിൽ നേരിട്ട സാങ്കേതിക തകരാറുകളെ കൂടി പരാമർശിച്ചാണ് രാജമൗലി ഇങ്ങനെ പറഞ്ഞത്.

'എന്റെ ഭാര്യക്കും ഹനുമാനെ വളരെ ഇഷ്ടമാണ്. ഹനുമാനെ സുഹൃത്തിനെ പോലെയാണ് അവള്‍ കാണുന്നത്. പരസ്പരം സംസാരിക്കാറുണ്ട് എന്നൊക്കെയാണ് അവള്‍ പറയാറുള്ളത്. അത് കേള്‍ക്കുമ്പോള്‍ എനിക്ക് അവളോടും ദേഷ്യം വരാറുണ്ട്. എന്റെ അച്ഛൻ ഹനുമാനെക്കുറിച്ച് സംസാരിക്കുകയും വിജയത്തിനായി ഭഗവാന്‍റെ അനുഗ്രഹങ്ങളെ ആശ്രയിക്കാൻ നിർദ്ദേശിക്കുകയും ചെയ്തപ്പോഴും, എനിക്ക് ദേഷ്യം തോന്നിയിരുന്നു," രാജമൗലി കൂട്ടിച്ചേർത്തു.

രാജമൗലിയുടെ ഈ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ വിമർശത്തിനാണ് തിരി കൊളിത്തിയിരിക്കുന്നത്. രാജമൗലിയുടെ മുൻ ചിത്രങ്ങളായ ധീര, ബാഹുബലി, ആർ ആർ ആർ തുടങ്ങിയ സിനിമകളെല്ലാം ഹിന്ദു പുരാണങ്ങളിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടതെന്ന് ചൂണ്ടി കാണിച്ചാണ് വിമർശനം. ദൈവത്തിൽ വിശ്വാസമില്ലാത്ത രാജമൗലി ആർ ആർ ആർ സിനിമയിൽ എന്തിന് ശ്രീരാമനെ പോലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും, പുതിയ സിനിമയ്ക്ക് എന്തിനാണ് വാരാണാസി എന്ന് പേരിട്ടിരിക്കുന്നതെന്നും വിമർശനങ്ങൾ ഉണ്ട്.

അതേസമയം, താൻ പുരാണങ്ങളിൽ നിന്ന് സിനിമ എടുക്കുന്നതിനെക്കുറിച്ചും രാജമൗലി വേദിയിൽ സംസാരിച്ചിരുന്നു. 'ബാല്യകാലം മുതൽ തന്നെ രാമായണവും മഹാഭാരതവും എന്നെ സംബന്ധിച്ച് എന്താണ് എന്നതിനെ കുറിച്ച് പലവട്ടം ഞാൻ സംസാരിച്ചിട്ടുണ്ട്. അവയെ നിർമ്മിക്കുക എന്നത് എന്റെ സ്വപ്ന പദ്ധതിയായിരുന്നു. ഇത്രയും പെട്ടെന്ന് രാമായണത്തിലെ ഒരു പ്രധാന എപ്പിസോഡ് എനിക്ക് ചിത്രീകരിക്കാൻ അവസരം ലഭിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഓരോ സീനും ഓരോ സംഭാഷണവും എഴുതുമ്പോഴും എനിക്ക് ലഭിച്ച അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്,' രാജമൗലി പറഞ്ഞു. ആദ്യ ദിവസം ശ്രീരാമന്റെ വേഷത്തിൽ മഹേഷ് ബാബു ഫോട്ടോഷൂട്ടിനെത്തിയപ്പോൾ രോമാഞ്ചം അനുഭവപ്പെട്ടുവെന്നും രാജമൗലി കൂട്ടിച്ചേർത്തു.
Content Highlights: Rajamouli says he doesn't believe in God