'കടകംപള്ളി CPIMൻ്റെ ഉടുപ്പിട്ട BJPക്കാരൻ; എതിര്‍ത്ത് സംസാരിച്ചതിന്റെ പേരില്‍ അപായപ്പെടുത്താന്‍ സാധ്യതയുണ്ട്'

'കടകംപള്ളിക്ക് അടുത്ത തവണയും കഴക്കൂട്ടത്ത് മത്സരിക്കണം. അതിന് വേണ്ടിയാണ് ഇത്തരം പ്രവര്‍ത്തികള്‍'

'കടകംപള്ളി CPIMൻ്റെ ഉടുപ്പിട്ട BJPക്കാരൻ; എതിര്‍ത്ത് സംസാരിച്ചതിന്റെ പേരില്‍ അപായപ്പെടുത്താന്‍ സാധ്യതയുണ്ട്'
dot image

തിരുവനന്തപുരം: കഴക്കൂട്ടം എംഎല്‍എയും മുന്‍ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ വീണ്ടും ആനി അശോകന്‍. സിപിഐഎമ്മിന്റെ ഉടുപ്പിട്ട ബിജെപിക്കാരനും ആര്‍എസ്എസുകാരനുമാണ് കടകംപള്ളി സുരേന്ദ്രനെന്ന് ആനി അശോകന്‍ പറഞ്ഞു. കടകംപള്ളിക്ക് എതിരെ സംസാരിച്ചതിന്റെ പേരില്‍ തന്നെ അപായപ്പെടുത്താന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഐഎം-ബിജെപി ഡീല്‍ എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു. കടകംപള്ളിക്ക് അടുത്ത തവണയും കഴക്കൂട്ടത്ത് മത്സരിക്കണം. അതിന് വേണ്ടിയാണ് ഇത്തരം പ്രവര്‍ത്തികള്‍. കഴക്കൂട്ടം മണ്ഡലത്തില്‍ എല്ലായിടത്തും ഇതുപോലെ ഡീല്‍ ഉണ്ടെന്നും ആനി അശോകന്‍ പറഞ്ഞു.

കടകംപള്ളി സുരേന്ദ്രനും സിപിഐഎം നേതാക്കളും നടത്തിയ വാര്‍ത്താസമ്മേളനം കണ്ടിരുന്നു. വളരെ മോശമായിട്ടാണ് തന്നെക്കുറിച്ച് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ 12 വര്‍ഷമായി പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ കമ്മറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് താന്‍. താന്‍ തെരഞ്ഞെടുപ്പ് മോഹം പറയാറുണ്ട് എന്നാണ് അവര്‍ പറയുന്നത്. അധികാരത്തിനുവേണ്ടിയാണ് നില്‍ക്കുന്നത് എന്ന തരത്തിലുള്ള കടകംപള്ളിയുടെ പരാമര്‍ശം തനിക്ക് വളരെ വേദനയുണ്ടാക്കി. കടകംപള്ളി പറയുന്നത് പാര്‍ട്ടി തനിക്ക് ഒരുപാട് സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നാണ്. പാര്‍ട്ടി ചോദിക്കാതെ തന്നെ തനിക്ക് നല്‍കിയിട്ടുള്ള സ്ഥാനങ്ങളില്‍ മാത്രമേ താന്‍ ഇരുന്നിട്ടുള്ളൂവെന്നും ആനി അശോകന്‍ പറഞ്ഞു.

താന്‍ വിമതയാണെന്ന് വാര്‍ത്തകളില്‍ കണ്ടു. താന്‍ വിമതയല്ല. സ്വതന്ത്രയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആനി അശോന്‍ പറഞ്ഞു. ഈ പാര്‍ട്ടിയോട് ചേര്‍ന്ന് നില്‍ക്കുന്ന വനിതകള്‍ സൂക്ഷിക്കണമെന്നും ആനി അശോകന്‍ പറഞ്ഞു. എസ്‌സി വിഭാഗത്തില്‍പ്പെട്ടവര്‍ പ്രത്യേകിച്ച് സൂക്ഷിക്കണമെന്നും ആനി അശോകന്‍ കൂട്ടിച്ചേര്‍ത്തു.

ചെമ്പഴന്തി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു ആനി അശോകന്‍. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഐഎം-ബിജെപി ഡീല്‍ ഉണ്ടെന്നും ഇതിന് പിന്നില്‍ കടകംപള്ളി സുരേന്ദ്രനാണെന്നുമുള്ള ആനി അശോകന്റെ പ്രതികരണം വിവാദമായിരുന്നു. ഇതിന് പിന്നാലെ ആനി അശോകനെ പാര്‍ട്ടില്‍ നിന്ന് പുറത്താക്കി. ചെമ്പഴന്തി ലോക്കല്‍ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. തുടര്‍ നടപടികള്‍ ഡിസി തീരുമാനിക്കും.

ബുധനാഴ്ച റിപ്പോര്‍ട്ടറോടായിരുന്നു ആനി അശോകന്റെ വിവാദമായ പ്രതികരണം. കോര്‍പ്പറേഷനില്‍ ബിജെപിക്ക് വോട്ട് മറിക്കാന്‍ ധാരണയുണ്ടെന്നും പ്രത്യുപകാരമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കടകംപള്ളിക്ക് വോട്ട് നല്‍കുമെന്നും ആനി അശോകന്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തന്നെ ബിജെപിക്ക് വോട്ട് മറിയാന്‍ ലക്ഷ്യംവെച്ചുള്ളതാണെന്നും ആനി അശോകന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കടകംപള്ളി സുരേന്ദ്രന് സീറ്റ് ഉറപ്പിക്കാനാണ് നീക്കം. കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ കടകംപള്ളി സുരേന്ദ്രന്റെ ഏകാധിപത്യമാണ്. അതിന്റെ ഭാഗമായാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും ആനി അശോകന്‍ ആരോപിച്ചിരുന്നു.

കഴിഞ്ഞ തവണ ചെമ്പഴന്തി വാര്‍ഡില്‍ ആരും തന്നെ അറിയാത്ത ഒരാളെയാണ് സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയതെന്നും ആനി പറഞ്ഞിരുന്നു. അന്ന് നേതാക്കള്‍ എതിര്‍ത്തിരുന്നു. ചെല്ലമംഗലത്തെ പൗഡികോണത്തും സമാനമാണ് സാഹചര്യം. അവിടെയും സ്ഥാനാര്‍ത്ഥിക്കെതിരെ എതിര്‍പ്പുണ്ടായിരുന്നു. അവിടെ പാര്‍ട്ടിക്കാര്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചതെന്നും ആനി അശോകന്‍ പറഞ്ഞു. ആ പാറ്റേണാണ് ഇത്തവണയെന്നും ആനി അശോകന്‍ പറഞ്ഞിരുന്നു.

Content Highlights- Annie shokan again against kadakampally surendran

dot image
To advertise here,contact us
dot image