

റായ്പുർ: ഛത്തീസ്ഗഢിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ, ഫോണിൽ മകളെ വിളിച്ച് കുറ്റസമ്മതം നടത്തി. ജഷ്പുർ ജില്ലയിലാണ് സംഭവം. മൻഗ്രിതയെന്ന യുവതിയാണ് 45കാരനായ ഭർത്താവ് സന്തോഷ് ഭാഗതിനെ കൊലപ്പെടുത്തിയത്. നവംബർ എട്ടിനായിരുന്നു കൊലപാതകം നടന്നത്. ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൃത്യത്തിന് പിന്നാലെ അച്ഛനെ താൻ കൊലപ്പെടുത്തിയെന്നും മൃതദേഹം ബാഗിലാക്കിയിട്ടുണ്ടെന്നും തന്നെ അന്വേഷിക്കേണ്ടതില്ലെന്നും യുവതി മകളെ വിളിച്ചറിയിക്കുകയായിരുന്നു. ഇത് പറഞ്ഞതും മൻഗ്രിത ഫോൺ കട്ട് ചെയ്തു. വിവാഹിതയായ മകൾ ഭർതൃവീട്ടിലായിരുന്നു. തിരിച്ച് അമ്മയെ വിളിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. തുടർന്ന് ബന്ധുക്കളെ വിളിച്ച് വിവരം പറഞ്ഞു. ഇവർ എത്തി വീട് പരിശോധിച്ചപ്പോഴാണ് പുതപ്പിൽ പൊതിഞ്ഞ നിലയിൽ ബാഗിനകത്ത് മൃതദേഹം കണ്ടത്.
സന്തോഷിന്റെ വായിൽനിന്നും മൂക്കിൽനിന്നും രക്തം വന്നിരുന്നതായി പൊലീസ് അറിയിച്ചു. കൂടുതൽ പരിശോധനയ്ക്കായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്. മൻഗ്രിതയ്‌ക്കെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. കൊലപാതകത്തിന് ശേഷം വീട് വിട്ടിറങ്ങിയ യുവതിക്കായി തിരച്ചിൽ തുടരുകയാണ്. മുംബൈയിൽ ജോലി ചെയ്തിരുന്ന മൻഗ്രിത കുറച്ചു മാസങ്ങൾക്ക് മുൻപാണ് ജഷ്പൂരിലെത്തിയത്. വന്ന നാൾ മുതൽ ഭർത്താവുമായി സ്ഥിരം വഴക്കായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
Content Highlights: wife killed husband, tells to daughter