

തിരുവനന്തപുരം: കേരള സർവകലാശാലയിലുണ്ടായ കയ്യാങ്കളിക്ക് പിന്നാലെ എസ്എഫ്‌ഐ നേതാക്കൾക്കെതിരെ പരാതിയുമായി ബിജെപി സെനറ്റ് അംഗങ്ങൾ. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സെനറ്റ് അംഗങ്ങളായ ടി ജി വിനോദ് കുമാർ, പി എസ് ഗോപകുമാർ എന്നിവരാണ് തിരുവനന്തപുരം കന്റോൺമെന്റ് എസ്എച്ച്ഒയ്ക്ക് പരാതി നൽകിയത്.
കൊന്നു കളയുമെന്നും വലിച്ചുകീറി ഭിത്തിയിലൊട്ടിക്കുമെന്നും എസ്എഫ്‌ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. ജില്ലാ സെക്രട്ടറി നന്ദനും സംഘവും ഇടിക്കാൻ കയ്യോങ്ങിയെന്നും പരാതിക്കാർ ആരോപിച്ചു. മാധ്യമങ്ങളുടെയും പോലീസിന്റെയും സാന്നിധ്യത്തിൽ ആയിരുന്നു ഭീഷണിയെന്നും പരാതിയിലുണ്ട്. കേരള സർവകലാശാലയിൽ പി എച്ച് ഡി വിദ്യാർത്ഥിയെ സംസ്‌കൃതം വകുപ്പ് മേധാവി ഡോ സി എൻ വിജയകുമാരി ജാതി അധിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സംഘർഷത്തിന് ആധാരം.
രാവിലെ സെനറ്റ് യോഗം തുടങ്ങിയതിന് പിന്നാലെ ഇടത് സെനറ്റ് അംഗങ്ങൾ പ്രതിഷേധിച്ചു. ഇതോടെ ഇടത്- ബിജെപി അംഗങ്ങൾ തമ്മിൽ വാക്കേറ്റമായി. സി എൻ വിജയകുമാരിയുടെ വീട്ടിൽ ഭക്ഷണം വിളമ്പുന്നത് ഒരു ദളിത് വ്യക്തിയാണെന്ന് ബിജെപി സെനറ്റ് അംഗം വിനോദ് കുമാർ പറഞ്ഞു. വിനോദ് കുമാറിന്റെ ജാതി അധിക്ഷേപ പരാമർശം കേട്ടുനിന്ന എസ്എഫ്‌ഐ പ്രവർത്തകർ രൂക്ഷ പ്രതികരണം നടത്തി. സർവകലാശാലയുടെ മുറ്റത്തുനിന്ന് ഒരാളുടെ ജാതി പറഞ്ഞാൽ കാലുവാരി ഭിത്തിയിലടിക്കുമെന്നായിരുന്നു പ്രവർത്തകരുടെ പ്രതികരണം.
എസ്എഫ്‌ഐ പ്രതിഷേധത്തിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ ബാരിക്കേഡുകൾ ചാടിക്കടന്നു. സർവകലാശാലയിൽനിന്നും പുറത്തുപോകാൻ ശ്രമിച്ച വി സി മോഹനൻ കുന്നുമ്മലിനെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ തടഞ്ഞു. പ്രവർത്തകരെ പൊലീസ് പിടിച്ചുമാറ്റിയതിന് പിന്നാലെയാണ് വി സിക്ക് അവിടം വിടാനായത്.
ജാതി അധിക്ഷേപം നേരിട്ട ഗവേഷക വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയന്റെ പരാതിയില്‍ സി എന്‍ വിജയകുമാരിക്കെതിരെ പട്ടികജാതി- പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്തിരുന്നു. ശ്രീകാര്യം പൊലീസാണ് കേസെടുത്തത്. 'നിനക്ക് എന്തിനാണ് ഡോക്ടര്‍ എന്ന വാല്, നിനക്ക് വാലായി നിന്റെ ജാതിപ്പേര് ഉണ്ടല്ലോ' എന്ന് റിപ്പോര്‍ട്ടില്‍ ഒപ്പിട്ട് നല്‍കുമോ എന്ന് ചോദിച്ച വിദ്യാര്‍ത്ഥിയോട് വകുപ്പ് മേധാവി പറഞ്ഞതായി എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു.
2015ല്‍ വിപിന്‍ എംഫില്‍ പഠിക്കുമ്പോള്‍ മുതല്‍ വിജയകുമാരിയായിരുന്നു ഗൈഡ്. അന്ന് മുതല്‍ വിപിനെ ജാതിക്കാര്യം പറഞ്ഞ് അധിക്ഷേപിക്കാറുണ്ടായിരുന്നു. പുലയനും പറയനും വന്നതോടെ സംസ്‌കൃതത്തിന്റെ മഹിമ നഷ്ടപ്പെട്ടെന്നും വിജയകുമാരി പറഞ്ഞതായി എഫ്‌ഐആറില്‍ പറയുന്നു. നിന്നെ പോലുള്ള നീച ജാതിക്കാര്‍ എത്ര ശ്രമിച്ചാലും സംസ്‌കൃതം പഠിക്കാനാവില്ല എന്ന് പ്രതി നിരന്തരം പറയുമായിരുന്നെന്നും വിദ്യാര്‍ത്ഥി കയറിയ റൂം അശുദ്ധമായി എന്ന് പറഞ്ഞ് ശുദ്ധീകരിക്കാന്‍ വെള്ളം തളിക്കുമായിരുന്നെന്നും എഫ്‌ഐആറില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ കേസിനെതിരെ അധ്യാപിക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
Content Highlights: kerala university, BJP Senate members file complaint against SFI leaders