പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: ഹിമാചൽ പ്രദേശിലെ ബിജെപി എംഎൽഎ ഹൻസ് രാജിനെതിരെ പോക്‌സോ കേസ്

എംഎല്‍എ തന്നെ ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും അശ്ലീല ദൃശ്യങ്ങളും ആവശ്യപ്പെടുന്നുവെന്നും ആരോപിച്ച് പെൺകുട്ടി നേരത്തെ പരാതി നല്‍കിയിരുന്നു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: ഹിമാചൽ പ്രദേശിലെ ബിജെപി എംഎൽഎ ഹൻസ് രാജിനെതിരെ പോക്‌സോ കേസ്
dot image

ഷിംല: ബിജെപി എംഎല്‍എയ്‌ക്കെതിരെ പോക്‌സോ കേസ് ചുമത്തി ഹിമാചല്‍ പ്രദേശ് പൊലീസ്. ബിജെപി എംഎല്‍എ ഹന്‍സ് രാജിനെതിരെയാണ് പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തത്. ഒരു യുവതി നല്‍കിയ പരാതിയിലാണ് നടപടി. പോക്‌സോ നിയമത്തിലെ സെക്ഷന്‍ 6 (തീവ്രമായ ലൈംഗികാതിക്രമം), ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷന്‍ 69 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറ്റകൃത്യം നടക്കുന്ന സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പാണ് പീഡനം നടന്നത്. തന്റെ സമ്മതമില്ലാതെയാണ് പ്രതി താനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടത് എന്നാണ് അവര്‍ ആരോപിക്കുന്നത്. പ്രതി തന്നെ പീഡിപ്പിച്ച സ്ഥലത്തിന്റെ പേരുള്‍പ്പെടെ പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും പെണ്‍കുട്ടി ഹന്‍സ് രാജ് എംഎല്‍എ തന്നെ ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും അശ്ലീല ദൃശ്യങ്ങളും ആവശ്യപ്പെടുന്നുവെന്നും ആരോപിച്ച് പരാതി നല്‍കിയിരുന്നു. ആ സമയത്ത് ഹന്‍സ് രാജിനെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ചിരുന്നില്ല. അതിജീവിത ഇപ്പോള്‍ പ്രായപൂര്‍ത്തിയായ ആളാണെങ്കിലും അവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുന്നതുള്‍പ്പെടെ പോക്‌സോ നിയമപ്രകാരം നിര്‍ദേശിച്ചിരിക്കുന്ന എല്ലാ നടപടിക്രമങ്ങളും ഞങ്ങള്‍ പാലിക്കുന്നുണ്ട്': പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

അതിജീവിതയായ പെണ്‍കുട്ടിയെയും പിതാവിനെയും തട്ടിക്കൊണ്ടുപോയതിനും എംഎല്‍എയ്‌ക്കെതിരായ മൊഴി മാറ്റാന്‍ നിര്‍ബന്ധിച്ചതിനും ഹന്‍സ് രാജിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ലേഖ് രാജ്, അടുത്ത സഹായി മുനിയാര്‍ ഖാന്‍ എന്നിവര്‍ക്കെതിരെ ചമ്പ പൊലീസ് കേസെടുത്ത് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ ദുരുദ്ദേശപരവും രാഷ്ട്രീയപ്രേരിതവുമാണ് എന്നാണ് ഹന്‍സ് രാജിന്റെ അവകാശവാദം.

Content Highlights: POCSO case filed against Himachal Pradesh BJP MLA Hans Raj for raping minor girl

dot image
To advertise here,contact us
dot image