ബിഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പില്‍ 64.46 ശതമാനം പോളിംഗ്: 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ്

ചില ബൂത്തുകളില്‍ നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ പോളിംഗ് ഇനിയും കൂടാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു

ബിഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പില്‍ 64.46 ശതമാനം പോളിംഗ്: 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ്
dot image

പട്‌ന: ബിഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗ്. 64.46 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. 2020-ല്‍ 57.29 ശതമാനമായിരുന്നു പോളിംഗ്. ചില ബൂത്തുകളില്‍ നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ പോളിംഗ് ഇനിയും കൂടാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ പോളിംഗ് ശതമാനം ഉയര്‍ന്നത് നേട്ടമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണുന്നത്. 2000-ല്‍ 62.57 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയിരുന്നത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ അതായിരുന്നു ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം.

നവംബർ പതിനൊന്നിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. പതിനാലിനാണ് വോട്ടെണ്ണൽ. 18 ജില്ലകളില്‍ നിന്നുള്ള 121 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 1,314 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. തേജസ്വി യാദവും തേജ് പ്രതാപ് യാദവും ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. 3.75 കോടി വോട്ടര്‍മാരാണ് വിധിയെഴുതുക. പോരാട്ടത്തിന്റെ വീറും വാശിയും പ്രകടമാക്കിക്കൊണ്ടായിരുന്നു ഒന്നാംഘട്ട പരസ്യ പ്രചരണം അവസാനിച്ചത്.

ആദ്യഘട്ട വോട്ടെടുപ്പിൽ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവും കുടുംബവും വോട്ട് രേഖപ്പെടുത്തിയിരുന്നു. ബിഹാറില്‍ പുതിയ സര്‍ക്കാര്‍ വരുമെന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം തേജസ്വി യാദവ് മാധ്യമങ്ങളോട് പ്രതികരിച്ചു. മാറ്റം വരുമെന്ന് ലാലു പ്രസാദ് യാദവും പറഞ്ഞു.

തേജസ്വി യാദവിനും തേജ് പ്രതാപ് യാദവിനും ആശംസകള്‍ നേരുന്നതായി ഇരുവരുടെയും അമ്മയും മുന്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിയും മാധ്യമങ്ങളോട് പ്രതികരിച്ചു. 'എന്റെ രണ്ട് മക്കള്‍ക്കും ആശംസകള്‍ നേരുന്നു. തേജ് പ്രതാപ് അവന്റെ ഇഷ്ടത്തിന് മത്സരിക്കുന്നു. ഞാന്‍ അവരുടെ അമ്മയാണ്. രണ്ട് പേര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. ബിഹാറിലെ ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും വോട്ട് ചെയ്യാനുള്ള അവകാശം മറക്കരുതെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു'എന്നാണ് റാബ്‌റി ദേവി പറഞ്ഞത്.

Content Highlights: 64.46% polling in first phase of Bihar polls: Highest turnout in 30 years

dot image
To advertise here,contact us
dot image