മംദാനിയുടെ പ്രസംഗത്തിൽ നെഹ്‌റുവിന്റെ വാക്കുകൾ;വൈറലായി 64 വർഷം മുൻപുള്ള ഹോളിവുഡ് ചിത്രത്തിലെ നായികയുടെ ഡയലോഗ്

നായികാ കഥാപാത്രം തന്റെ സ്വപ്‌ന കാമുകന്മാരെ കുറിച്ച് പറയുന്ന സീനിലാണ് നെഹ്‌റുവിന്റെ പേര് പരാമർശിക്കുന്നത്.

മംദാനിയുടെ പ്രസംഗത്തിൽ നെഹ്‌റുവിന്റെ വാക്കുകൾ;വൈറലായി 64 വർഷം മുൻപുള്ള ഹോളിവുഡ് ചിത്രത്തിലെ നായികയുടെ ഡയലോഗ്
dot image

ന്യൂയോർക്കിന്റെ മേയറായി ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനി വിജയച്ചത് ലോകമെമ്പാടും ചർച്ചയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മംദാനി നടത്തിയ പ്രസംഗം തുടങ്ങിയത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകളോടെയായിരുന്നു. ഇതിന് പിന്നാലെ വർഷങ്ങൾക്ക് മുൻപിറങ്ങിയ ഹോളിവുഡ് ചിത്രത്തിലെ ഒരു രംഗമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഹോളിവുഡിന്റെ ഗോൾഡൻ ഗേൾ എന്നറിയപ്പെട്ട ഓഡ്രി ഹെപ്ബൺ അഭിനയിച്ച 'ബ്രേക്ക്ഫാസ്റ്റ് അറ്റ് ടിഫനീസ്' എന്ന ചിത്രത്തിലെ രംഗമാണിത്. 1961ൽ അഭിനയിച്ച ഈ റൊമാന്റിക് കോമഡി ചിത്രത്തിൽ ഓഡ്രി അവതരിപ്പിച്ച നായികാ കഥാപാത്രമായ ഹോളി ഗോലൈറ്റ്‌ലി തന്റെ സ്വപ്‌ന കാമുകന്മാരെ കുറിച്ച് പറയുന്ന സീനിലാണ് നെഹ്‌റുവിന്റെ പേര് പരാമർശിക്കുന്നത്.

'ലോകത്ത് ഇപ്പോൾ ജീവിച്ചിരിക്കുന്ന ആരെയും എനിക്ക് പ്രണയിക്കാം എന്നാണെങ്കിൽ, ഞാൻ ഹോസെയെ(സിനിമയിലെ ഒരു കഥാപാത്രം) ആയിരിക്കില്ല തിരഞ്ഞെടുക്കുക.

നെഹ്‌റുവിനെയായിരിക്കും. അല്ലെങ്കിൽ ആൽബർട്ട് ഷൈ്വറ്റ്‌സറോ ലിയനാർഡോ ബേൺസ്‌റ്റെയ്‌നോ ആയിരിക്കും,' എന്നാണ് ഹോളി പറയുന്നത്.

നെഹ്‌റുവിനെ പണ്ടേ അമേരിക്കക്കാർക്ക് ഇഷ്ടമാണെന്നാണ് ഈ രംഗം വൈറലായതിന് പിന്നാലെ പലരും കമന്റുകളിൽ പറയുന്നത്. നെഹ്‌റുവിന്റെ പ്രസംഗങ്ങളും വീഡിയോസും ഇപ്പോൾ അമേരിക്കയിലെ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.

അതേസമയം, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച അർധരാത്രിയിൽ നെഹ്‌റു നടത്തിയ 'ട്രിസ്റ്റ് വിത്ത് ഡെസ്റ്റനി' എന്ന വിഖ്യാതമായ പ്രസംഗത്തിലെ ഭാഗമാണ് സൊഹ്‌റാൻ മംദാനി ഉദ്ധരിച്ചത്. 'നിങ്ങൾക്ക് മുൻപിൽ നിൽക്കുമ്പോൾ എനിക്ക് ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകളാണ് ഓർമ വരുന്നത് - ഇതാ ചരിത്രത്തിൽ അത്യപൂർവമായി സംഭവിക്കുന്ന ഒരു നിമിഷം വന്നിരിക്കുന്നു. പഴമയിൽ നിന്നും പുതിയ നാളുകളിലേക്ക് നമ്മൾ ചുവടുവെക്കുന്നു. ഒരു യുഗം അവസാനിക്കുകയാണ്. നാളുകളേറെയായി അടിച്ചമർത്തപ്പെട്ട ഒരു നാടിന്റെ ആത്മാവ് ശബ്ദം കണ്ടെത്തിയിരിക്കുകയാണ്' എന്നായിരുന്നു നെഹ്‌റുവിനെ ഉദ്ധരിച്ചുകൊണ്ട് മംദാനി പറഞ്ഞത്.

മംദാനിയുടെ പ്രസംഗം അവസാനിച്ച ശേഷം ധൂം എന്ന ബോളിവുഡ് ചിത്രത്തലെ 'ധൂം മച്ചാലേ' എന്ന ഗാനമായിരുന്നു വേദിയിൽ വെച്ചത്. ഈ പാട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു മംദാനിയും കുടുംബവും അനുയായികളുമെല്ലാം ഫോട്ടോസിനായി പോസ് ചെയ്യുകയും ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തത്. ഇതിന്റെ വീഡിയോസും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Content Highlights: After Mamdani quotes Nehru in victory speech a Hollywood movie scene goes viral

dot image
To advertise here,contact us
dot image