

കോയമ്പത്തൂർ: കുതിരകളുടെ കടിയേറ്റ് കോർപ്പറേഷൻ ജീവനക്കാരന് പരിക്ക്. കോയമ്പത്തൂരിൽ കസ്തൂരി നായ്ക്കൻ പാളയം നെഹ്റു നഗർ പ്രദേശത്ത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. കോർപ്പറേഷൻ കരാർ ജീവനക്കാരനായ ജയപാലിനാണ് പരിക്കേറ്റത്. റോഡിലൂടെ ഓടിവന്ന കുതിരകൾ സൈക്കിളിലെത്തിയ ജയപാലിനെ ഇടിച്ചിട്ടശേഷം കടിക്കുകയായിരുന്നു. വളവിലൂടെ രണ്ട് കുതിരകൾ ഓടിവരികയും കുടിവെള്ള വിതരണ ജീവനക്കാരനായ ജയപാലിനെ ആക്രമിക്കുകയുമായിരുന്നു. ഇതിൻറെ സിസിടിവി ദ്യശ്യങ്ങൾ പുറത്തുവന്നിരുന്നു.
രണ്ട് കുതിരകളാണ് ജയപാലിനുനേരെ ഓടി വന്നത്. അതിലൊന്ന് ഇയാളെ ഇടിച്ചിടുകയും മറ്റൊന്ന് കയ്യിൽ കടിക്കുകയുമായിരുന്നു. പരിക്കേറ്റ ജയപാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുത്തിവയ്പിന്റെ തുക താങ്ങാനാവുന്നതിനുമപ്പുറമാണ്. ഈ തുക കോർപ്പറേഷൻ ഏറ്റെടുക്കണമെന്നാണ് ജീവനക്കാൻറെ കുടുംബം ആവശ്യപ്പെടുന്നത്.
കുതിരകൾ റോഡിലൂടെ അതിവേഗം ഓടുന്നത് പതിവാണെന്നും ഉടമകൾക്കെതിരെ നടപടിയെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. നിരവധി കുതിരകളാണ് തെരുവ് നായ്ക്കളെപ്പോലെ റോഡിൽ ചുറ്റിത്തിരിയുന്നത്.
കുതിരകളെ പിടികൂടുമെന്നും ഉടമകളെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്നും പിഴ ചുമത്തുമെന്നും കോർപ്പറേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തെ കോർപ്പറേഷൻ വളരെ ലാഘവത്തോടെയാണ് കാണുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
Content Highlights: Man knocked down and bitten by horse in Coimbatore