

ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌യെ തീരുമാനിച്ചു. മഹാബലിപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌യെ തീരുമാനിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കിയത്. എഐഎഡിഎംകെ സഖ്യത്തിനായുള്ള ശ്രമങ്ങള്‍ ടിവികെ തള്ളിയതിന് പിന്നാലെയാണ് വിജയ്‌യെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ പാര്‍ട്ടിയുമായും വിജയ്‌യുടെ രാഷ്ട്രീയ ഭാവിയുമായും ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് ടിവികെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിജയ് യുടെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിന്റെ നിര്‍ണായക തീരുമാനമാണ് വിജയ് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നത്. ഇതോടെ 2026-ല്‍ തമിഴ്‌നാട്ടില്‍ നടക്കുക പൊടിപാറുന്ന പോരാട്ടമായിരിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.
സെപ്തംബര്‍ 27-ന് കരൂരില്‍ നടന്ന വിജയ്‌യുടെ റാലി വലിയ ദുരന്തത്തിലാണ് കലാശിച്ചത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 41 പേരുടെ മരണത്തിന് കാരണമായ ദുരന്തത്തിന് പിന്നാലെ ടിവികെ ദുര്‍ബലമായിരുന്നു. പിന്നാലെ 28 അംഗ നിര്‍വാഹക സമിതി രൂപീകരിച്ചിരുന്നു. നിര്‍വാഹക സമിതി രൂപീകരിച്ചതിന് ശേഷം നടക്കുന്ന ആദ്യത്തെ പ്രധാന യോഗമായിരുന്നു നടന്നത്. പാര്‍ട്ടി ഘടന ദുര്‍ബലമാണെന്നും സഖ്യം രൂപീകരിക്കേണ്ടത് അനിവാര്യമാണെന്നുമുള്ള വിലയിരുത്തലുകള്‍ക്കിടെയാണ് യോഗം നടന്നത്.
Content Highlight; Vijay Named CM Candidate by TVK for 2026 Tamil Nadu Polls