തൃശൂർ മാജിക് എഫ്സിയുടെ അഭിമാനം; കമാലുദ്ധീൻ എകെ ഇന്ത്യൻ അണ്ടർ 23 സാധ്യതാ ടീമിൽ

സാധ്യത പട്ടികയിൽ ഇടംനേടിയതിൽ ഏറെ സന്തോഷമുണ്ടെന്ന് കമാലുദ്ധീൻ പ്രതികരിച്ചു

തൃശൂർ മാജിക് എഫ്സിയുടെ അഭിമാനം; കമാലുദ്ധീൻ എകെ ഇന്ത്യൻ അണ്ടർ 23 സാധ്യതാ ടീമിൽ
dot image

കാൽപന്തുകളിയുടെ ആവേശം വാനോളം ഉയർത്തി സൂപ്പർ ലീഗ് കേരള സീസൺ 2-ൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന തൃശ്ശൂർ മാജിക് എഫ്സിയുടെ യുവ ഗോൾകീപ്പർ കമാലുദ്ധീൻ എകെ ദേശീയ ശ്രദ്ധയിലേക്ക്. നവംബർ 15-ന് തായ്‌ലൻഡിനെതിരെ നടക്കാനിരിക്കുന്ന സൗഹൃദ മത്സരത്തിനുള്ള 25 അംഗ ഇന്ത്യൻ സാധ്യതാ ടീമിൽ കമാലുദ്ധീൻ ഇടം നേടി. അക്കിക്കാവ് സ്വദേശിയായ ഈ 21-കാരൻ സൂപ്പർ ലീഗ് കേരളയിലെ മികച്ച പ്രകടനത്തിലൂടെയാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

റഷ്യൻ പരിശീലകൻ ആന്ദ്രേ ചെർണിഷോവിന്റെ തന്ത്രങ്ങളിൽ അണിനിരക്കുന്ന തൃശ്ശൂർ മാജിക് എഫ്.സി., ലീഗിൽ 4 മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ടീമിന്റെ ഈ മികച്ച പ്രകടനത്തിൽ കമാലുദ്ധീന്റെ പങ്ക് ഏറെ നിർണ്ണായകമായിരുന്നു. ഇതുവരെ കളിച്ച 4 മത്സരങ്ങളിലും തൃശ്ശൂരിന്റെ ഗോൾവല കാത്ത കമാലുദ്ധീൻ, മൂന്ന് ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കി ലീഗിലെ മികച്ച ഗോൾകീപ്പർമാരിൽ പട്ടികയിൽ മുന്നിലാണ്.

ഫുട്ബോൾ ലോകത്ത് തൃശ്ശൂരിന്റെ യശസ് ഉയർത്തിപ്പിടിക്കുന്ന കമാലുദ്ധീൻ, മുൻപും പ്രമുഖ ക്ലബ്ബുകൾക്കൊപ്പം കളിച്ച പരിചയസമ്പത്തുമായാണ് സൂപ്പർ ലീഗ് കേരളയിലെത്തിയത്. ഈസ്റ്റ് ബംഗാൾ റിസർവ്സ് ടീമിന്റെയും എഫ്.സി. കേരളയുടെയും ഭാഗമായിരുന്ന കമാലുദ്ധീൻ, പ്രധാന ടൂർണമെന്റുകളിൽ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

സാധ്യത പട്ടികയിൽ ഇടംനേടിയതിൽ ഏറെ സന്തോഷമുണ്ടെന്ന് കമാലുദ്ധീൻ പ്രതികരിച്ചു. ഇന്ത്യക്കായി ബൂട്ടുകെട്ടുക എന്നുള്ളതാണ് എക്കാലത്തെയും സ്വപ്നം. സൂപ്പർ ലീഗ് കേരളയിലൂടെ, ഞാൻ ഉൾപ്പടെയുള്ള യുവതാരങ്ങൾക്ക് ദേശീയ ശ്രദ്ധ നേടാൻ സാധിക്കുന്നുണ്ട്. ഇനിയുള്ള മത്സരങ്ങളിലും തൃശൂരിനായി മികച്ച പ്രകടനം പുറത്തെടുക്കുക എന്നുതന്നെയാണ് ലക്ഷ്യം. കമാലുദ്ധീൻ വ്യക്തമാക്കി.

ദേശീയ ടീമിന്റെ സാധ്യത പട്ടികയിലേക് തിരഞ്ഞെടുക്കപ്പെട്ടതിലൂടെ കമാലുദ്ധീൻ തൃശൂർ മാജിക് എഫ്സിക്കും സ്വന്തം നാടായ അക്കിക്കാവിലെ കായിക പ്രേമികൾക്കും സൂപ്പർ ലീഗ് കേരളയ്ക്കും അഭിമാനമായി മാറിയിരിക്കുകയാണ്.

Content Highlights: Thrissur Magic FC’s Kamaludheen A.K. Named in India U-23 Probables

dot image
To advertise here,contact us
dot image