

പാറ്റ്‌ന: ബിഹാറില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. മഹാസഖ്യത്തില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങളെല്ലാം ഏതാണ്ട് അവസാനിപ്പിച്ചായിരുന്നു മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.
പരമ്പരാഗത മുസ്‌ലിം-യാദവ വോട്ട് ബാങ്കില്‍ തന്നെയാണ് സഖ്യം പ്രതീക്ഷയര്‍പ്പിക്കുന്നതെങ്കിലും ഉയര്‍ന്ന ജാതിക്കാരുടെയും കോയേരി വിഭാഗങ്ങളുടെ വോട്ടും നേടാന്‍ നന്നായി പരിശ്രമിക്കുന്നുണ്ട്.
243 നിയമസഭ മണ്ഡലങ്ങളിലും മത്സരിക്കുന്ന സഖ്യത്തില്‍ 66 യാദവ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളുണ്ട്.
മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള 30 സ്ഥാനാര്‍ത്ഥികളുണ്ട്. നിതീഷ് കുമാറിന്റെ ലവ-കുശ സമവാക്യത്തെ വെല്ലുവിളിക്കുന്നത് ലക്ഷ്യമിട്ട് കോയേരി വിഭാഗത്തില്‍ നിന്നുള്ള 28 പേരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്.
ഭൂമിഹാര്‍ വിഭാഗത്തില്‍ നിന്ന് 15 പേരും രാജ്പുത് വിഭാഗത്തില്‍ നിന്ന് 11 പേരും ബ്രാഹ്‌മണ വിഭാഗത്തില്‍ നിന്ന് 10 പേരും മഹാസഖ്യ സ്ഥാനാര്‍ത്ഥി പട്ടികയിലിടം നേടി. കായസ്ത വിഭാഗത്തില്‍ നിന്നൊരാളാണ് സ്ഥാനാര്‍ത്ഥിയായത്.
എസ് സി വിഭാഗത്തില്‍ നിന്ന് 38 പേരും എസ് ടി വിഭാഗത്തില്‍ നിന്ന് രണ്ട് പേരും സ്ഥാനാര്‍ത്ഥികളായി. വൈശ്യ വിഭാഗത്തില്‍ നിന്ന് 17 പേരും അതിപിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് 30 പേരും സ്ഥാനാര്‍ത്ഥികളായിട്ടുണ്ട്.
Content Highlights: mahagadbandhan Candidate Composition and Strategy at bihar