മകൻ ലഹരിക്കടിമ, വീടിന് തീയിട്ടു, മരുമകളുമായി ബന്ധമെന്നത് അവന്‍റെ ഭാവന മാത്രം; പഞ്ചാബ് മുൻ ഡിജിപി

അഖിൽ അക്തർ അവന്റെ ഭാര്യയെ മർദിക്കുന്നത് കണ്ട് തന്റെ പേരക്കുട്ടി വിഷാദത്തിലായിരുന്നുവെന്ന് മുഹമ്മദ് മുസ്തഫ

മകൻ ലഹരിക്കടിമ, വീടിന് തീയിട്ടു, മരുമകളുമായി ബന്ധമെന്നത് അവന്‍റെ ഭാവന മാത്രം; പഞ്ചാബ് മുൻ ഡിജിപി
dot image

ചണ്ഡിഗഢ്: മകന്റെ മരണത്തിലും തുടർന്നുണ്ടായ വിവാദങ്ങളിലും പ്രതികരിച്ച് പഞ്ചാബ് മുൻ ഡിജിപി മുഹമ്മദ് മുസ്തഫ. മകൻ അഖിൽ അക്തറിന്റെ മരണത്തിൽ തനിക്ക് യാതൊരു ബന്ധമില്ലെന്നും അവൻ വർഷങ്ങളായി മയക്കുമരുന്നിന് അടിമയാണെന്നും മുഹമ്മദ് മുസ്തഫ പറഞ്ഞു.

അഖിൽ അക്തറിന്റെ ദുരൂഹ മരണത്തിൽ പിതാവ് മുഹമ്മദ് മുസ്തഫ, മുസ്തഫയുടെ ഭാര്യയും മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ റസിയ സുൽത്താന, മകൾ, അക്തറിന്റെ ഭാര്യ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിതാവിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് അഖിലിന്റെ വീഡിയോ പുറത്തുവന്നതോടെയായിരുന്നു ഇവർക്കെതിരെ കേസെടുത്തത്.

35 വയസുള്ള മകൻ കഴിഞ്ഞ 18 വർഷമായി ലഹരിക്ക് അടിമയായിരുന്നു. അഖിൽ അക്തർ അവന്റെ ഭാര്യയെ മർദിക്കുന്നത് കണ്ട് തന്റെ പേരക്കുട്ടി (അഖിൽ അക്തറിന്റെ കുട്ടി) വിഷാദത്തിലായിരുന്നുവെന്നും മുഹമ്മദ് മുസ്തഫ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മകന്റെ ലഹരി ഉപയോഗത്തെ തുടർന്ന് വീട്ടിൽ പ്രശ്‌നങ്ങൾ രൂക്ഷമായിരുന്നു. തുടർച്ചയായ ലഹരി ഉപയോഗത്തോടെ മകൻ മാനസിക പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. ഇതോടെ ഭാവനയിൽ പലതും ആലോചിച്ചുകൂട്ടാൻ തുടങ്ങി. 2007 മുതലാണ് അവൻ ലഹരി ഉപയോഗിക്കാൻ തുടങ്ങിയത്. ശേഷം ചണ്ഡിഗഢിൽ തന്നെ ചികിത്സ നൽകിയിരുന്നു. ഇതിന്റെ രേഖകൾ കൈവശമുണ്ടെന്നും ഏത് അന്വേഷണവും നേരിടുമെന്നും മുസ്തഫ പറഞ്ഞു.

ഒരു ദിവസം അഖിൽ വീടിന് തീയിട്ടു. ലഹരിയുടെ ആസക്തിയിൽ അമ്മയെയും ഭാര്യയെയും അക്രമിച്ചു. താൻ പഞ്ചാബ് പൊലീസിൽ ജോലി ചെയ്തിരുന്ന കാലത്ത് പല തവണ അഖിലിനെ ലഹരിയിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മകൻ ഒരു മോശം വ്യക്തിയായിരുന്നില്ല. ലഹരിയാണ് അവനെ അത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചതെന്നും മുസ്തഫ പറഞ്ഞു. അഖിലിന്റെ ഭാര്യക്കെതിരെ ഉയരുന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണ്. അവന്റെ എല്ലാ പ്രവർത്തികളും അവൾ സഹിച്ചിട്ടുണ്ട്. അവന്റെ ഭാര്യയുമായി ബന്ധമുണ്ടെന്നത് ഭാവനമാത്രമാണെന്നും മുസ്തഫ പറഞ്ഞു.

ഒക്ടോബർ 16-നാണ് പഞ്ച്കുളയിലെ വസതിയിൽ അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് കുടുംബം അവകാശപ്പെട്ടത്. എന്നാൽ അമിത ഡോസിൽ മരുന്ന് കുത്തിവെച്ചായിരുന്നു മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തുടക്കത്തിൽ അഖിലിന്റെ മരണത്തിൽ അസ്വാഭാവികതയൊന്നും തോന്നിയില്ലെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സൃഷ്ടി ഗുപ്ത പറഞ്ഞിരുന്നു.

എന്നാൽ അഖിലിന്റെ സമൂഹ്യമാധ്യമ പോസ്റ്റുകൾ, ചില വീഡിയോകൾ, ഫോട്ടോകൾ എന്നിവ വിശദമായി പരിശോധിച്ചതോടെ ചില സംശയങ്ങള്‍ ഉയരുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് സൃഷ്ടി ഗുപ്ത വ്യക്തമാക്കിയിരുന്നു.

അഖിലിന്റെ മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോയിൽ തന്റെ ഭാര്യയുമായി അച്ഛന് ബന്ധമുണ്ടെന്ന് അഖിൽ ആരോപിച്ചിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ അച്ഛന് തന്റെ ഭാര്യയെ പരിചയമുള്ളതായി സംശയിക്കുന്നതായും അഖിൽ പറഞ്ഞിരുന്നു.

Content Highlights: punjab ex DGP mohammad mustafa reacts on his sons death and case

dot image
To advertise here,contact us
dot image