
റാഞ്ചി: ഝാര്‍ഖണ്ഡില്‍ വെജിറ്റബിള്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് നോണ്‍ വെജ് ബിരിയാണി നല്‍കിയെന്ന് ആരോപിച്ച് ഹോട്ടലുടമയെ വെടിവെച്ച് കൊന്നു. റാഞ്ചിയിലെ കാങ്കെ- പിത്തോറിയ റോഡിലുള്ള ഹോട്ടലില്‍ ശനിയാഴ്ച്ച വൈകീട്ടായിരുന്നു സംഭവം. ഹോട്ടലില്‍ നിന്ന് ഒരാള്‍ വെജിറ്റബിള്‍ ബിരിയാണി പാഴ്‌സല്‍ വാങ്ങി പോവുകയും കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഒരു കൂട്ടം ആളുകളുമായി തിരികൈത്തി നോണ്‍ വെജ് ബിരിയാണിയാണ് നല്‍കിയതെന്ന് പരാതിപ്പെടുകയും ആക്രമണം നടത്തുകയുമായിരുന്നു.
ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവമെന്ന് റൂറല്‍ പൊലീസ് പറഞ്ഞു. ഹോട്ടലുടമയായ വിജയ് കുമാര്‍ നാഗാണ് മരിച്ചത്. ഇയാള്‍ ഭക്ഷണം കഴിക്കുന്നതിനിടെ അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വിജയ് കുമാറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. വിജയ് കുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശങ്ങളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുകയാണ്.
Content Highlight; Ranchi Hotel Owner Shot Dead After Serving Non-Veg Biryani Instead of Veg Biryani