
ന്യൂഡല്‍ഹി: ആര്‍എസ്എസ് ശാഖയില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്ന് തുറന്ന് പറഞ്ഞ് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് വയനാട് എംപി പ്രിയങ്കാ ഗാന്ധി. ഈ ആരോപണങ്ങള്‍ പൂര്‍ണമായും അന്വേഷിക്കാന്‍ ആര്‍എസ്എസ് തയ്യാറാകണമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. യുവാവിന്റെ ആരോപണങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
'ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്നും നിരന്തരം ലൈംഗികാതിക്രമം ഉണ്ടായെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ആര്‍എസ്എസ് ക്യാമ്പുകളില്‍ വ്യാപകമായി അതിക്രമം നടക്കുന്നുണ്ടെന്നും താന്‍ മാത്രമല്ല ഇരയെന്നും യുവാവ് കുറിപ്പില്‍ വ്യക്തമായി പറയുന്നുണ്ട്. ഇത് സത്യമാണെങ്കില്‍ ഭയപ്പെടുത്തുന്നതാണ്', പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ഇന്ത്യ ഒട്ടാകെ ലക്ഷക്കണക്കിന് കുട്ടികളും കൗമാര പ്രായക്കാരും ഈ ക്യാമ്പുകളില്‍ പങ്കെടുക്കുന്നുണ്ടെന്നും ആര്‍എസ്എസിന്റെ നേതൃത്വം ഉടനടി നടപടി സ്വീകരിക്കണമെന്നും എംപി കൂട്ടിച്ചേര്‍ത്തു. ആണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം പോലെ തന്നെ വ്യാപകമായ വിപത്താണ്. പറഞ്ഞറിയിക്കാനാകാത്ത ക്രൂരമായ കുറ്റകൃത്യങ്ങളിലെ നിശബ്ദത ലംഘിക്കേണ്ടതാണെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു.
ആര്‍എസ്എസ് ശാഖയില്‍വെച്ച് നിരന്തരം ക്രൂര ലൈംഗിക പീഡനത്തിന് ഇരയായെന്ന് കുറിപ്പെഴുതിവെച്ചായിരുന്നു കോട്ടയം തമ്പലക്കാട് സ്വദേശി ജീവനൊടുക്കിയത്. ആര്‍എസ്എസ് ശാഖയില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടിവന്ന ക്രൂരതകള്‍ മരണമൊഴിയായി ഇന്‍സ്റ്റഗ്രാമിലൂടെ എഴുതി ഷെഡ്യൂള്‍ ചെയ്ത് പോസ്റ്റ് ചെയ്താണ് യുവാവ് ജീവനൊടുക്കിയത്. നാലുവയസുളളപ്പോള്‍ തന്നെ ആര്‍എസ്എസുകാരനായ ഒരാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആര്‍എസ്എസ് എന്ന സംഘടനയിലെ പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞിരുന്നു.
തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആള്‍ മൂലം ഒസിഡി (ഒബ്സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് കുറിപ്പില്‍ ആരോപിക്കുന്നുണ്ട്. തനിക്ക് ജീവിതത്തില്‍ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ സുഹൃത്താക്കരുതെന്നുമാണ് യുവാവ് പറയുന്നത്. അത് അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കിലും അവരെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കണമെന്നും അത്രയ്ക്ക് വിഷം കൊണ്ട് നടക്കുന്നവരാണ് ആര്‍എസ്എസുകാരെന്നും യുവാവ് പറയുന്നു. യുവാവിന്റെ മരണം വലിയ രീതിയില്‍ ആര്‍എസ്എസിനെതിരായ വിമര്‍ശനത്തിലേക്ക് വഴിവെച്ചിട്ടുണ്ട്.
Content Highlights: Priyanka Gandhi about death of a man who get abused in RSS camp