
പുതുച്ചേരി: പോണ്ടിച്ചേരി സര്‍വകലാശാലയിലെ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ നടപടി ആവശ്യപ്പെട്ട് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. പൊലീസും സര്‍വകലാശാലയിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളെ മര്‍ദിച്ചുവെന്നാണ് ആരോപണം. ആറ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 24 വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദനമേറ്റത്. വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണിക്കൂറുകള്‍ക്കുശേഷം വിട്ടയക്കുകയും ചെയ്തു. സര്‍വകലാശാലയുടെ കാരയ്ക്കല്‍ സെന്റര്‍ മേധാവി പ്രൊഫ. മാധവയ്യക്കെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ പരാതിയില്‍ നടപടി ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനു മുന്നില്‍ പ്രതിഷേധിച്ചത്.
പരാതിയില്‍ നടപടിയെടുത്തില്ലെന്നും ആഭ്യന്തര പരാതി പരിഹാര സമിതിയുടെ ഭാഗത്ത് വീഴ്ച്ച സംഭവിച്ചെന്നും ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. വിദ്യാര്‍ത്ഥികളെ കാണാന്‍ കൂട്ടാക്കാതെ വിസി ക്യാംപസ് വിടാന്‍ ശ്രമിച്ചത് പ്രശ്‌നം വഷളാക്കി. വിദ്യാര്‍ത്ഥികള്‍ വിസിയുടെ വാഹനം തടഞ്ഞു. പ്രതിഷേധക്കാരെ മാറ്റാന്‍ സുരക്ഷാജീവനക്കാര്‍ക്ക് സാധിക്കാതെ വന്നതോടെ പൊലീസെത്തി ലാത്തി ചാര്‍ജ് നടത്തുകയായിരുന്നു.
ലൈംഗികപീഡനത്തിനെതിരെ ശബ്ദമുയര്‍ത്തിയവരെ കസ്റ്റഡിയിലെടുക്കുകയും കുറ്റാരോപിതരായ പ്രൊഫസര്‍മാരെ സ്വതന്ത്രമായി വിടുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് എസ്എഫ്ഐ പറഞ്ഞു. ആഭ്യന്തര പരാതി പരിഹാര സമിതിക്ക് ഒരുവര്‍ഷം മുന്‍പ് നല്‍കിയ പരാതി പോലും പരിഹരിക്കപ്പെട്ടില്ലെന്നും ലൈംഗിക പീഡനങ്ങള്‍ തുടരുകയാണെന്നും എസ്എഫ്ഐ ആരോപിച്ചു.
കാരക്കല്‍ ക്യാംപസ് സെന്റര്‍ ഹെഡ് ഡോ. സി മാധവയ്യയും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്ട്‌സ് വകുപ്പ് ഫാക്കല്‍റ്റി അംഗം എ പ്രവീണും വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയെന്നാണ് ആരോപണം.
ഇതില്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ പീഡന പരാതിയുടെ ശബ്ദ സംഭാഷണം പുറത്തുവന്നിരുന്നു. മാധവയ്യ മോശം സന്ദേശങ്ങള്‍ അയച്ചുവമെന്നും നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടുവെന്നുമാണ് വിദ്യാര്‍ത്ഥി ആരോപിക്കുന്നത്. നഗ്ന ചിത്രങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
അതേസമയം, വിദ്യാര്‍ത്ഥികള്‍ക്കുനേരെ മനപ്പൂര്‍വം അതിക്രമം നടത്തിയിട്ടില്ലെന്നും പ്രശ്‌നം സമാധാനപരമായി പരിഹരിക്കാനുളള ശ്രമങ്ങള്‍ രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ തടയുകയായിരുന്നുവെന്നുമാണ് സര്‍വകലാശാല അധികൃതരുടെ പ്രതികരണം. പ്രശ്‌നം അവസാനിപ്പിക്കാന്‍ സര്‍വകലാശാല എല്ലാ തരത്തിലും ശ്രമിച്ചെന്നും വിദ്യാര്‍ത്ഥികളുടെ നിസഹകരണം മൂലം അത് പരാജയപ്പെട്ടു, പൊലീസിനെ സര്‍വകലാശാല വിളിച്ചുവരുത്തിയതല്ലെന്നും വിവരമറിഞ്ഞ് അവര്‍ എത്തുകയായിരുന്നെന്നും സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Clash in SFI protest demanding action on sexual harassment complaint at Pondicherry University