മോദി ആധുനിക രാവണൻ; സ്വർണ കൊട്ടാരം ഉടൻ തകരും: കോൺഗ്രസ്‌ നേതാവ് ഉദിത് രാജ്

ഒരു വ്യക്തിയോടുള്ള വെറുപ്പാൽ കോൺഗ്രസ് ഭരണഘടനാ പദവികളുടെ മാന്യത മറക്കുന്നു എന്ന് ബിജെപി തിരിച്ചടിച്ചു

മോദി ആധുനിക രാവണൻ; സ്വർണ കൊട്ടാരം ഉടൻ തകരും: കോൺഗ്രസ്‌ നേതാവ് ഉദിത് രാജ്
dot image

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആധുനിക രാവണന്റെ ചിഹ്നമാണെന്ന് കോൺഗ്രസ്‌ നേതാവ് ഉദിത് രാജ്. മോദിയുടെ സ്വർണ കൊട്ടാരം ഉടൻ തകരുമെന്നും അദ്ദേഹം പറഞ്ഞു. മോദിക്ക് അധിക കാലം തുടരാൻ കഴിയില്ല. മോദിയുടെ ലങ്കയിലും ഉടൻ തീ പടരുമെന്നും ഉദിത് രാജ് ആരോപിച്ചു.

"ഡൽഹിയിലെ രാവണനെ ചുട്ടുകളയണമെന്ന് മുമ്പ് സഞ്ജയ് റാവത്ത് പറഞ്ഞിട്ടുണ്ട്, ഡൽഹിയിലെ രാവണനെ ചുട്ടുകളയേണ്ട ദിവസം അടുത്തിരിക്കുന്നു. പ്രധാനമന്ത്രി മോദിക്ക് അധികകാലം തുടരാൻ കഴിയില്ല, താമസിയാതെ അദ്ദേഹത്തിന്റെ ലങ്കയിൽ തീ പടരും'', ഉദിത് രാജ് കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തെത്തി.

ഒരു വ്യക്തിയോടുള്ള വെറുപ്പാൽ കോൺഗ്രസ് ഭരണഘടനാ പദവികളുടെ മാന്യത മറക്കുന്നു എന്ന് ബിജെപി തിരിച്ചടിച്ചു. മോദി വിരുദ്ധത അവരുടെ പതിവ് രീതിയായി മാറിയിരിക്കുന്നുവെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവല്ല പറഞ്ഞു. മാവോയിസ്റ്റുകളെ ന്യായീകരിക്കുകയും ആർ‌എസ്‌എസിനെ "ഭീകരർ" എന്ന് വിളിക്കുകയും ചെയ്ത നേതാവാണ് ഇപ്പോൾ ഈ പ്രസ്താവന നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയും ഈ പ്രസ്താവനയെ അപലപിച്ചു. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് ഇന്ത്യയെ അധിക്ഷേപിക്കുക, പ്രധാനമന്ത്രി മോദിക്കെതിരെ മോശമായി സംസാരിക്കുക എന്നീ ചുമതലകൾ ഉദിത് രാജിന് രാഹുൽ ഗാന്ധി നൽകിയിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പ്രധാനമന്ത്രിയുടെ വീട് കത്തിക്കുമെന്ന പ്രതീക്ഷയിലാണ് രാവിലെ ഉദിത് രാജ് എഴുന്നേൽക്കുന്നതെന്നും എക്‌സിലെ ഒരു പോസ്റ്റിൽ ഭണ്ഡാരി പറഞ്ഞു. രാഹുൽ ഗാന്ധി ദുഷ്ടനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Congress Leader Calls PM Modern Ravan

dot image
To advertise here,contact us
dot image