കരൂര്‍ ദുരന്തം, 'പൊലീസ് അന്വേഷണം പ്രാരംഭ ഘട്ടത്തിൽ'; സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

കരൂര്‍ ദുരന്തം ഡിഎംഎസ്‌കെയെ ബാധിച്ചിട്ടില്ലല്ലോയെന്നായിരുന്നു ഹർജി പരിഗണിക്കവെ ഹൈക്കോടതിയുടെ ചോദ്യം

കരൂര്‍ ദുരന്തം, 'പൊലീസ് അന്വേഷണം പ്രാരംഭ ഘട്ടത്തിൽ'; സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി
dot image

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി കോടതി. ദേശീയ മക്കള്‍ ശക്തി കക്ഷിയുടെ ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. കരൂര്‍ ദുരന്തം ഡിഎംഎസ്‌കെയെ ബാധിച്ചിട്ടില്ലല്ലോയെന്നായിരുന്നു ഹർജി പരിഗണിക്കവെ ഹൈക്കോടതിയുടെ ചോദ്യം. പൊലീസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം എങ്ങനെ സിബിഐക്ക് വിടാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. സിബിഐ അന്വേഷണ ആവശ്യം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ശനിയാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ 41 പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര്‍ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിക്കുകയായിരുന്നു.

തന്റെ ഹൃദയം വേദന കൊണ്ട് പിടയുകയാണെന്നും തന്നോടുളള സ്നേഹം കൊണ്ടാണ് ജനങ്ങള്‍ റാലിക്കെത്തിയതെന്നും പുറത്തുവിട്ട വീഡിയോയിലൂടെ വിജയ് പറഞ്ഞിരുന്നു. ദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്താനില്ലെന്നും സത്യം പുറത്തുവരുമെന്നും വികാരാധീനനായി വിജയ് പറഞ്ഞു. 'അഞ്ച് ജില്ലകളില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കരൂരില്‍ മാത്രം എന്തുകൊണ്ട് ഇത് സംഭവിച്ചു? പൊതുജനങ്ങള്‍ക്ക് എല്ലാ സത്യവും മനസിലാകും. ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. തെറ്റൊന്നും ചെയ്തിട്ടില്ല. എന്നിട്ടും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സമൂഹമാധ്യമങ്ങളില്‍ സംസാരിച്ചവര്‍ക്കുമെതിരെ കേസെടുത്തു കൊണ്ടിരിക്കുന്നു. എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോളൂ. എന്റെ പ്രവര്‍ത്തകരെയും നേതാക്കളെയും ഒന്നും ചെയ്യരുത്', എന്നായിരുന്നു വിജയ്‌യുടെ പ്രതികരണം. ഇതിന് പിന്നാലെ നടനെതിരെ സര്‍ക്കാരിന്റെ വാര്‍ത്താ സമ്മേളനവും പിന്നാലെ ഡിഎംകെ നേതാക്കളുടെ പ്രതികരണവും വന്നിരുന്നു.

എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സർക്കാർ വക്താവ് അമുദ ഐഎഎസ് വാർത്താസമ്മേളനം വിളിച്ചത്. വിജയ് കരൂരിൽ 12 മണിക്ക് എത്തുമെന്ന ടിവികെയുടെ പ്രചാരണത്തിന്റെ ദൃശ്യവും ടിവികെ പ്രവർത്തകർ കടകൾക്ക് മുകളിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങളും സർക്കാർ പുറത്തുവിട്ടിരുന്നു. കുഴഞ്ഞുവീണ ആളുകളെ പൊലീസ് പരിചരിക്കുന്നതിന്റെയും തിരക്കിലും പെട്ട് വീണ ആളുകൾക്ക് മുകളിലേക്ക് വീണ്ടും ആളുകൾ വീഴുന്ന ദൃശ്യങ്ങളും പുറത്തു വിട്ടിരുന്നു. ടിവികെ നേതാക്കളുടെ അറസ്റ്റുകളെ വിമർശിച്ചുള്ള വിജയ്‌യുടെ പ്രതികരണത്തിനും അവർ മറുപടി നൽകിയിരുന്നു. തുടർനടപടികൾ ഇനിയും ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. വൈദ്യുതി ബന്ധം വിച്ഛേദിച്ചുവെന്ന ആരോപണവും സർക്കാർ തള്ളി. വൈദ്യുതി വിച്ഛേദിച്ചിട്ടില്ലെന്നും പ്രവർത്തകർ ജനറേറ്റർ വെച്ച ഭാഗത്തേക്ക് ഇടിച്ചു കയറിയെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ജനറേറ്റർ തകരാറായതു കൊണ്ട് ചില ലൈറ്റുകൾ അണഞ്ഞതാണ്. അതിന്റെ ദൃശ്യങ്ങളും സർക്കാർ പുറത്തുവിട്ടു. വിജയ്‌യുടെ വാഹനം വരുന്നതിന് മുമ്പ് തന്നെ ജനം നിറഞ്ഞു. വാഹനം മുന്നോട്ടു പോകരുതെന്ന് പൊലീസ് നിർദ്ദേശം നൽകിയെങ്കിലും സംഘാടകർ അത് അനുസരിച്ചില്ലെന്നും സർക്കാർ ആരോപിച്ചിരുന്നു.

എന്നാൽ വിജയ്‌ക്കെതിരെ കേസെടുക്കേണ്ടെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വിജയ്‌ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്‌വഴക്കമാകുമെന്നും രാഷ്ട്രീയ യോഗങ്ങളിലെ അപകടത്തില്‍ പാര്‍ട്ടികളുടെ ഉന്നത നേതാക്കളെ പ്രതിയാക്കുന്നത് ശരിയല്ലെന്നുമുള്ള നിലപാടിലാണ് സ്റ്റാലിന്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പ്രേരിതമായ നടപടി എന്ന ആരോപണത്തിന് പഴുത് നല്‍കരുതെന്നും സര്‍ക്കാര്‍ തീരുമാനമുണ്ട്. വിജയ്‌യുടെ ഗൂഢാലോചനാ വാദം അവഗണിച്ച് മുന്നോട്ട് പോകാനുമായിരുന്നു തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം.

Content Highlights: Madras High Court rejects demand for CBI probe into Karur stampede

dot image
To advertise here,contact us
dot image