വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ

പോസ്റ്റർ ഒട്ടിക്കുന്നത് തങ്ങളുടെ ജോലിയാണെന്ന് അറിയിച്ചിട്ടും ദൃശ്യങ്ങൾ പകർത്തിയവർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു

വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ
dot image

ചെന്നൈ: വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് നാഗപട്ടണത്ത് വേളാങ്കണ്ണിയ്ക്ക് സമീപമാണ് സംഭവം. വേളാങ്കണ്ണി സ്വദേശിയായ ഭരത് രാജി(23)നെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവും സുഹൃത്തും ചേർന്ന് പോസ്റ്ററുകൾ ഒട്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ തമിഴക വെട്രി കഴകം പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.

പോസ്റ്റർ ഒട്ടിക്കുന്നത് തങ്ങളുടെ ജോലിയാണെന്ന് അറിയിച്ചിട്ടും ദൃശ്യങ്ങൾ പകർത്തിയവർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.പോസ്റ്റർ ഒട്ടിച്ചതിന് ടിവികെ പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് യുവാവ് കീഴായൂർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ നാല് ടിവികെ പ്രവർത്തകർക്കെതിരെ കേസെടുത്ത് പ്രത്യേക അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമായി.

അതേസമയം, 41 പേരുടെ മരണത്തിന് ഇടയായ കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ കേസെടുക്കേണ്ടെന്ന തീരുമാനത്തിലാണ് എം കെ സ്റ്റാലിൻ എന്നാണ് വിവരം. വിജയ്‌ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്വഴക്കമാകുമെന്നും രാഷ്‌ട്രീയ യോഗങ്ങളിലെ അപകടത്തിൽ പാർട്ടികളുടെ ഉന്നത നേതാക്കളെ പ്രതിയാക്കുന്നത് ശരിയല്ലെന്നുമുള്ള നിലപാടിലാണ് സ്റ്റാലിൻ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പ്രേരിതമായ നടപടി എന്ന ആരോപണത്തിന് പഴുത് നൽകരുതെന്നും സർക്കാർ തീരുമാനമുണ്ട്. വിജയ്‌യുടെ ഗൂഢാലോചനാ വാദം അവഗണിച്ച് മുന്നോട്ട് പോകാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം.

ശനിയാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ 41 പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര്‍ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിക്കുകയായിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: man who pasted a poster demanding Vijay's arrest found dead

dot image
To advertise here,contact us
dot image