
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ ചൈതന്യാനന്ദ സരസ്വതി പ്രമുഖര്‍ക്കൊപ്പം നില്‍ക്കുന്ന വ്യാജ ചിത്രങ്ങള്‍ കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ, യുകെയില്‍ നിന്നുള്ള രാഷ്ട്രീയ നേതാവ് എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന വ്യാജ ചിത്രങ്ങളാണ് ആശ്രമത്തില്‍ നിന്ന് കണ്ടെത്തിയത്. ഇത് കൂടാതെ ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക സാമൂഹിത സമിതിയുടെ സ്ഥിരം അംബാസിഡര്‍, ബ്രിക്‌സ് കൂട്ടായ്മയുടെ പ്രത്യേക ദൂതന്‍ എന്നിങ്ങനെ രേഖപ്പെടുത്തിയ വ്യാജ ബിസിനസ് കാര്‍ഡുകളും ആശ്രമത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ചൈതന്യാനന്ദയുടെ എട്ട് കോടി രൂപയുടെ ആസ്തി മരവിപ്പിച്ചിട്ടുണ്ട്.
സെക്‌സ് ടോയ്‌സും അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയതെന്ന് കരുതുന്ന അഞ്ച് സീഡികളും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. ചൈതന്യാനന്ദ ഒളിവില്‍ കഴിഞ്ഞിരുന്ന ഉത്തരാഖണ്ഡിലെ അല്‍മോറ, ബാഗേശ്വര്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളിലും മറ്റും പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു.
50 ദിവസം ഒളിവിലായിരുന്ന ചൈതന്യാനന്ദയെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28ന് പുലര്‍ച്ചെ 3.30 ന് ആഗ്രയിലെ താജ് ഗഞ്ച് മേഖലയില്‍ നിന്നുള്ള ഒരു ഹോട്ടലില്‍ നിന്നാണ് ചൈതന്യാനന്ദയെ അറസ്റ്റ് ചെയ്തത്. പതിനേഴ് വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാതിക്രമ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ഇയാളുടെ അറസ്റ്റ്. ഇയാളുടെ ഐപാഡും മൂന്ന് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. ശാരദ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബേസ്‌മെന്റില്‍ നിന്ന് പ്രതി ഉപയോഗിച്ചതായി പറയപ്പെടുന്ന ഒരു വോള്‍വോ കാറും പൊലീസ് പിടിച്ചെടുത്തിരുന്നു.
ചൈതന്യാനന്ദയ്‌ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങളാണ് എഫ്‌ഐആറിലുള്ളത്. ഇയാള്‍ രാത്രി വൈകിയും പെണ്‍കുട്ടികളെ മുറിയിലേക്ക് വിളിച്ചുവരുത്തിയതായി എഫ്‌ഐആറില്‍ പറയുന്നുണ്ട്. വിദേശയാത്രകളില്‍ കൂടെ വരാന്‍ വിദ്യാര്‍ത്ഥിനികളോട് നിര്‍ബന്ധിച്ചിരുന്നു. വനിതാ ഹോസ്റ്റലുകളില്‍ ആരും കാണാതെ ഇയാള്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നതായും എഫ്‌ഐആറില്‍ ഉണ്ടായിരുന്നു. ഇയാള്‍ക്ക് കുരുക്ക് മുറുകുന്ന കൂടുതല്‍ തെളിവുകളാണ് പുറത്തുവരുന്നത്. ആരോപണങ്ങള്‍ക്ക് പിന്നാലെ ഇയാളെ ആശ്രമത്തിന്റെ വിവിധ ചുമതലകളില്‍ നിന്ന് പുറത്താക്കിയിരുന്നു.
Content Highlight; Fake photos of Swami Chaithanyananda with world leaders found