
ന്യൂഡല്‍ഹി: 'ഐ ലവ് മുഹമ്മദ്' പോസ്റ്ററുകളുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്. ആളുകള്‍ അവരുടെ ദൈവത്തോടും പ്രവാചകനോടുമുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് കോണ്‍ഗ്രസിന്റെ മീഡിയ പബ്ലിസിറ്റി ഡിപ്പാര്‍ട്‌മെന്റ് തലവന്‍ പവന്‍ ഖേര പറഞ്ഞു. ഇന്ത്യയ്ക്ക് സമന്വയ സാംസ്‌കാരിക പാരമ്പര്യമാണുള്ളതെന്ന് പവന്‍ ഖേര പറഞ്ഞു.
'മറ്റൊരു മതത്തിലായതിനാല്‍ അവര്‍ ഏഴ് വയസുള്ള ആണ്‍കുട്ടിയെ കൊലപ്പെടുത്തുകയും മൃതശരീരത്തില്‍ കെട്ടിപ്പിടിക്കുകയും ചെയ്യും. നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിന് ആ ഏഴ് വയസുകാരന്‍ എന്ത് ദ്രോഹമാണ് ചെയ്തത്. ഇന്‍ഡോറിലെ ഒരു മാര്‍ക്കറ്റില്‍ നിന്ന് മുസ്ലിങ്ങളെ പുറത്താക്കണമെന്ന് നിങ്ങള്‍ പറഞ്ഞു. നമ്മുടെ സംസ്‌കാരം വിശാലമുള്ളതാണ്. എന്നാല്‍ തൊഴിലാളി വര്‍ഗത്തില്‍ നിന്നുള്ള ഈ മുസ്‌ലിങ്ങളെ നിങ്ങള്‍ അപകടകാരികളായി കാണുന്നു. ആരെങ്കിലും പ്രവാചകനെ സ്‌നേഹിക്കുന്നുവെന്ന് പറയുമ്പോള്‍ നിങ്ങള്‍ക്ക് പ്രശ്‌നം തോന്നുന്നു. ഒരു വ്യക്തി അവന്റെയോ അവളുടെയോ പ്രവാചകനെ സ്‌നേഹിക്കുകയാണെങ്കില്‍ നിങ്ങള്‍ ആ വ്യക്തിയെ സ്‌നേഹിക്കണം', പവന്‍ ഖേര പറഞ്ഞു.
ദൈവങ്ങളെ സ്‌നേഹിക്കുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ആവര്‍ത്തിച്ച് ചോദിച്ചു. ഈ കള്ളന്മാരുടെ കയ്യില്‍ തന്റെ സംസ്‌കാരവും രാജ്യവും ഏല്‍പ്പിച്ച് മടങ്ങാന്‍ സാധിക്കില്ലെന്ന് പവന്‍ ഖേര പറഞ്ഞു. താന്‍ മുഹമ്മദിനെയും മഹാദേവിനെയും യേശു ക്രിസ്തുവിനെയും നാനക് ദേവിനെയും ഇന്ത്യയെയും സ്‌നേഹിക്കുന്നുവെന്ന് പവന്‍ ഖേര കൂട്ടിച്ചേര്‍ത്തു.
നബിദിനത്തിന് 'ഐ ലവ് മുഹമ്മദ്' എന്ന ബാനർ ഉയർത്തിയതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ബരെയ്‌ലിയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. പിന്നാലെ ബാരാബങ്കി, മൗ, മുസാഫര്‍നഗര്‍ ജില്ലകളിലും പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് നിരവധി പേരുടെ വീട് റെയ്ഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
സ്വന്തം വീടിന്റെ മുന്നില്‍ 'ഐ ലവ് മുഹമ്മദ് പോസ്റ്റര്‍' പതിപ്പിച്ചതിന്റെ പേരില്‍ 45കാരനായ ഷെര്‍ദിലിനെ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബജ്‌റംഗ്‌ളിന്റെ പ്രതിഷേധത്തിന് പിന്നാലെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) പ്രകാരം വകുപ്പ് 151 ചുമത്തിയാണ് കേസെടുത്തതെന്ന് എസിപി അമിത് സെക്‌സേന വ്യക്തമാക്കി.
പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ പോസ്റ്ററുകള്‍ വലിച്ച് കീറുമെന്ന് തങ്ങള്‍ പ്രതിഷേധിച്ചിരുന്നുവെന്ന് ബജ്‌റംഗ്ദള്‍ ജില്ലാ യൂണിറ്റ് പ്രസിഡന്റ് മഥുര്‍ നെഹ്‌റ പറഞ്ഞു. 'നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 'ഐ ലവ് മുഹമ്മദ്' പോസ്റ്ററുകള്‍ പ്രചരിക്കുന്നതായി പ്രദേശവാസികളുടെ പരാതി ലഭിച്ചു. ഇത് പ്രകാരം പൊലീസിന് ഞങ്ങള്‍ പരാതി നല്‍കി', മഥുര്‍ പറഞ്ഞു. പ്രദേശത്തെ പോസ്റ്ററുകളും ബാനറുകളും പൊലീസ് നീക്കം ചെയ്തിട്ടുണ്ട്.
Content Highlights: Pawan Khera says there is nothing wrong with expressing love for God and the Prophet