മുൻ പട്ടാളക്കാരൻ,ഭാര്യയ്ക്കും രോഗിയായ മകനും ഒപ്പം ഒതുങ്ങിയ ജീവിതം;ആരാണ് മിഷിഗൺ പള്ളി വെടിവെപ്പ് നടത്തിയ തോമസ്?

2015ല്‍ മകന്‍റെ ചികിത്സയ്ക്കായി ഇയാള്‍ ഗോഫണ്ട്മീ എന്ന പ്ലാറ്റ്ഫോമില്‍ ക്യാംപെയ്ന്‍ ആരംഭിച്ചിരുന്നു

മുൻ പട്ടാളക്കാരൻ,ഭാര്യയ്ക്കും രോഗിയായ മകനും ഒപ്പം ഒതുങ്ങിയ ജീവിതം;ആരാണ് മിഷിഗൺ പള്ളി വെടിവെപ്പ് നടത്തിയ തോമസ്?
dot image

അമേരിക്കയില്‍ വീണ്ടും ഭീതി പടര്‍ത്തികൊണ്ട് വെടിവെപ്പ് ഉണ്ടായിരിക്കുകയാണ്. മിഷിഗണിലെ ഗ്രാന്‍ഡ് ബ്ലാങ്കിലുള്ള പള്ളിയില്‍ നടന്ന വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടുവെന്നും 8 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് നിലവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെയായിരുന്നു ആക്രമണം. അക്രമി പള്ളിയ്ക്ക് തീവെച്ചതിനാല്‍ നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങിപ്പോയിരുന്നു. ഇവരെ ഏറെ ശ്രമപ്പെട്ടാണ് പുറത്തേക്ക് എത്തിച്ചത്.

തോമസ് ജേക്കബ് സാന്‍ഫോര്‍ഡ് എന്നയാളാണ് വെടിവെപ്പ് നടത്തിയത്. പൊലീസുമായിട്ടുണ്ടായ ഏറ്റുമുട്ടലില്‍ ഇയാളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇയാളെ കുറിച്ച് ചില വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അമേരിക്കയിലെ വിവിധ മാധ്യമങ്ങളാണ് തോമസ് ജേക്കബിനെ കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുന്‍ പട്ടാളക്കാരനാണ് തോമസ് ജേക്കബ്. ഇയാളുടെ അമ്മ മുന്‍പ് പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും 2004 മുതല്‍ 2008 വരെ ഇയാള്‍ ഇറാഖില്‍ സേവനമനുഷ്ഠിച്ചു എന്നാണ് വ്യക്തമാകുന്നത്. പള്ളിയിലേക്ക് ഇടച്ചുകയറ്റിയ ട്രക്കിന്റെ ലൈസന്‍സ് പ്ലേറ്റില്‍ IRAQ എന്ന് എഴുതിയിട്ടുണ്ടെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്.

2021ല്‍ വെറ്ററന്‍സ് അഡ്മിനിസ്‌ട്രേഷന്‍ വഴി ഒരു ലോണും തോമസ് എടുത്തിട്ടുണ്ട്. ഇതും ഇയാള്‍ സൈനികനായിരുന്നു എന്ന വാദത്തെ ശരിവെക്കുന്നുണ്ട്. പക്ഷെ ഏത് ബ്രാഞ്ചിലാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നതിനെ പറ്റിയുള്ള വിവരങ്ങള്‍ ഇപ്പോഴും ലഭ്യമായിട്ടില്ല. ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസുകളൊന്നും പൊലീസ് റെക്കോര്‍ഡുകളില്ല. യൂട്ടായില്‍ താമസിച്ചിരുന്ന സമയത്ത് വാടകയുമായി ബന്ധപ്പെട്ടുണ്ടായ ചെറിയ തര്‍ക്കം മാത്രമാണ് രേഖകളില്‍ ഉള്ളത്.

picture of Thomas Jacob Sanford
തോമസ് ജേക്കബ് നേരത്തെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രം

തോമസിന്റെ കുടുംബവുമായി ബന്ധപ്പെട്ട ചില വിവരങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഭാര്യയും പത്ത് വയസുകാരനായ മകനുമാണ് തോമസിനുള്ളതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മകന്‍ രോഗബാധിതനാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കണ്‍ജെനിറ്റല്‍ ഹൈപ്പര്‍ഇന്‍സുലിനസം എന്ന രോഗവുമായാണ് തോമസിന്റെ മകന്‍ ജനിച്ചത് എന്നാണ് ഗോഫണ്ട്മീ എന്ന ഫണ്ട് റെയ്‌സിംഗ് ആപ്പിലെ നേരത്തെ നടന്ന ഒരു ക്യാംപെയ്‌നില്‍ നിന്നും വ്യക്തമാകുന്നത്. പാന്‍ക്രിയാസ് അമിതമായി ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന അവസ്ഥയാണ് ഇത്. 2015ല്‍ മകന്റ് ചികിത്സയ്ക്കായി ആരംഭിച്ച് ഈ ക്യാംപെയ്‌നില്‍ 3000 ഡോളറനടുത്ത് സംഭാവന ലഭിച്ചിരുന്നു എന്നാണ് കണക്കുകളില്‍ പറയുന്നത്. ഈ ക്യാംപെയ്ന്‍ ഇപ്പോള്‍ ആക്ടീവല്ല.

ഇയാള്‍ എന്തിനാണ് മിഷിഗണ്‍ പള്ളിയ്ക്ക് തീയിടുകയും പ്രാര്‍ത്ഥനയ്ക്ക് എത്തിയവരെ വെടിവെയ്ക്കുകയും ചെയ്തതെന്ന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പള്ളിയിലേക്ക് ട്രക്കുമായി ഇടിച്ചുകയറി, സെമി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ചാണ് തോമസ് ജേക്കബ് സാന്‍ഫോര്‍ഡ് വെടിവെപ്പ് നടത്തിയത്. ഇയാളുടെ വണ്ടിയില്‍ നിന്നും രൂപമാറ്റം വരുത്തിയ മൂന്ന് തോക്കുകളും ലഭിച്ചിട്ടുണ്ട്.

വ്യക്തിപരമായ കാരണങ്ങളാണോ തീവ്ര ആശയങ്ങളാണോ അതോ ഇയാള്‍ക്ക് പിന്നില്‍ ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. അമേരിക്കയില്‍ തോക്ക് കൈവശം വെക്കുന്നതില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഉണ്ടാകണമെന്ന കാലങ്ങളായി ഉയരുന്ന ആവശ്യത്തെ മിഷിഗണ്‍ പള്ളി വെടിവെപ്പ് വീണ്ടും ചര്‍ച്ചയാക്കിയിട്ടുണ്ട്.

Content Highlights: Michigan church gunman Thomas Jacob Sanford more details out

dot image
To advertise here,contact us
dot image