കരൂരിലെ ദുരന്തത്തില്‍ അന്വേഷണം നടക്കും; സത്യം ജനം തിരിച്ചറിയുമെന്ന് ഉദയനിധി സ്റ്റാലിന്‍

ഇത്തരത്തിലുളള പരിപാടികള്‍ നടത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സര്‍ക്കാരും പൊലീസും കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പരിപാടികള്‍ സംഘടിപ്പിക്കുന്നവരാണ് അത് കൃത്യമായി പാലിക്കേണ്ടതെന്നും ഉദയനിധി പറഞ്ഞു

കരൂരിലെ ദുരന്തത്തില്‍ അന്വേഷണം നടക്കും; സത്യം ജനം തിരിച്ചറിയുമെന്ന് ഉദയനിധി സ്റ്റാലിന്‍
dot image

ചെന്നൈ: തിക്കിലും തിരക്കിലും പെട്ട് നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടാനിടയാക്കിയ കരൂരിലെ ടിവികെ റാലിയിലെ ദുരന്തത്തിൽ പ്രതികരിച്ച് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. കരൂരിലെ ദുരന്തം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണെന്ന് ഉദയനിധി പറഞ്ഞു. റിട്ട. ജസ്റ്റിസ് അരുണ ജഗദീഷിന്റെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും കൃത്യമായി അന്വേഷണം നടക്കും, ജനങ്ങള്‍ സത്യം തിരിച്ചറിയുമെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. അന്വേഷണ കമ്മീഷന്‍ ഉച്ചയോടെ കരൂരിലെത്തും. ഇത്തരത്തിലുളള പരിപാടികള്‍ നടത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സര്‍ക്കാരും പൊലീസും കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പരിപാടികള്‍ സംഘടിപ്പിക്കുന്നവരാണ് അത് കൃത്യമായി പാലിക്കേണ്ടതെന്നും ഉദയനിധി പറഞ്ഞു. കരൂരിലെത്തിയ ശേഷം മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'മുഖ്യമന്ത്രി നിയമപരമായ നടപടികള്‍ സ്വീകരിക്കും. മാധ്യമങ്ങള്‍ മനുഷ്യത്വപരമായ സമീപനമാണ് ഈ ഘട്ടത്തില്‍ സ്വീകരിക്കേണ്ടത്. ഈ സമയം ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് തുണയായാണ് നാം നിലകൊളേളണ്ടത്. എത്രപേര്‍ക്കാണ് അനുമതി നല്‍കിയത്, എത്ര സുരക്ഷ ഏര്‍പ്പെടുത്തി, എത്രപേരാണ് എത്തിയത് എന്നത് സംബന്ധിച്ച് ഡിജിപി കാര്യങ്ങള്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ഇവിടെ ഞാന്‍ രാഷ്ട്രീയം പറയാന്‍ ആഗ്രഹിക്കുന്നില്ല. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അവര്‍ വന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് പുറത്തുവിടട്ടെ. അപ്പോള്‍ ജനങ്ങള്‍ക്ക് സത്യം മനസിലാകും. നിയമപരമായ നടപടികളുണ്ടാകും. എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കും അവരുടെ പാര്‍ട്ടി പ്രവര്‍ത്തകരെയും ജനങ്ങളെയുമൊക്കെ കാണാനുളള അവകാശമുണ്ട്. പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. അതിലും കൂടുതല്‍ ചെയ്യാനാവുക ആ പരിപാടി നടത്തുന്നവര്‍ക്കാണ്. ഇനിയെങ്കിലും ഇങ്ങനെ നടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം': ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

ഇന്നലെ വൈകുന്നേരം എട്ടുമണിയോടെയാണ് കരൂരിൽ വിജയ്യുടെ റാലിക്കിടെ തിക്കും തിരക്കുമുണ്ടായത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. കടുത്ത ചൂടിലും മറ്റും കാത്തുനിന്നവര്‍ക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ചിരുന്നു. കരൂര്‍ ദുരന്തത്തില്‍ 17 സ്ത്രീകളും അഞ്ച് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും ഉള്‍പ്പെടെ 39 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 111 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 50 പേര്‍ കരൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലും 61 പേര്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതവും നല്‍കും.

Content Highlights: people will know the truth: Udhayanidhi stalin on karur rally stampede

dot image
To advertise here,contact us
dot image